 
പോരുവഴി: കലതിവിളയിൽ തെരുവുനായ്ക്കൾ കോഴിക്കൂട് പൊളിച്ച് 9 കോഴികളെ കടിച്ചുകൊന്നു. ഇടയ്ക്കാട് തെക്ക് കലതിവിള ജംഗ്ഷനിലെ സോമ മംഗലം വീട്ടിൽ പോരുവഴി പഞ്ചായത്ത് കുടുംബശീ സി.ഡി.എസ് ചെയർ പേഴ്സൺ പുഷ്പലതയുടെ മുട്ടക്കോഴികളെയാണ് കഴിഞ്ഞദിവസം രാത്രി 1 മണിയോടുകൂടി കൂട്ടമായി എത്തിയ ഒരുപറ്റം തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. കോഴികളുടെ ഒച്ച കേട്ട് ചെന്നു നോക്കിയ വീട്ടുകാരെ പട്ടികൾ ആക്രമിക്കാനൊരുങ്ങി. എന്നാൽ കല്ലും കമ്പുകളും എറിഞ്ഞ് പട്ടികളെ ഓടിക്കുകയായിരുന്നു. കലതിവിള ,കാഞ്ഞിരക്കുറ്റിവിള , വായനശാല ജംഗ്ഷൻ, ഏഴാംമൈൽ, കുമ്പിളുവിള ജംഗ്ഷൻ എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. പ്രഭാത സവാരിക്കാരെയും വെളുപ്പിന് പാൽ വാങ്ങാൻ പോകുന്നവരെയും നിരന്തരം ആക്രമിക്കുകയാണ്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് നാട്ടുകാരെ രക്ഷിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് പഞ്ചായത്ത് മെമ്പർ ശ്രീതാ സുനിൽ ആവശ്യപ്പെട്ടു.