krishi-1
നെൽക്കൃഷി മുടങ്ങി കാട്ടുചെടികൾ വളർന്നു തിങ്ങിയ കരീപ്ര പിറങ്ങൽ ഏല

എഴുകോൺ : കരീപ്ര ഗ്രാമപ്പഞ്ചായത്തിലെ മടന്തകോട് പിറങ്ങൽ ഏലായിൽ നെൽക്കൃഷി ചെയ്യാനാകാതെ വലയുകയാണ് ക‌ർഷകർ. കൈത്തോടിന്റെ വരമ്പ് തകർന്നിട്ട് നാളുകളായി. നന്നാക്കാൻ നടപടിയില്ലാത്തതാണ് കാരണം.
വയലിലേക്ക് വെള്ളം കയറുന്നത് തടയാൻ മണലു നിറച്ച ചാക്ക് കൊണ്ട് തടയണ നിർമ്മിച്ചാണ് കർഷകർ കുറച്ചുനാളായി കൃഷി ചെയ്തിരുന്നത്. ഇതും തകർന്നതോടെ ഒന്നാം വിള കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടിവന്നു.

എസ്റ്റിമേറ്റുകൾ ഫയലുകളിൽ
പിറങ്ങൽ, കടപ്പാംകോണം ഭാഗങ്ങൾ ഉൾക്കൊള്ളുന്ന മടന്ത കോട് ഏല 27.5 ഹെക്ടറാണ്. കടപ്പാകോണം മുതൽ പിറങ്ങൽ ഏലാത്തലയ്ക്കൽ വരെ 17 ഹെക്ടറിൽ മാത്രമാണ് ഇപ്പോൾ നെല്ല് കൃഷി ചെയ്യുന്നത്.
ഏലായിലെ കൈത്തോടിന്റെ വരമ്പ് മിക്കയിടത്തും ദുർബ്ബലമാണ്. ഗ്രാമപ്പഞ്ചായത്തും കൃഷി വകുപ്പ് ഏജൻസികളും സ്ഥലം പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. മാസങ്ങൾ പിന്നിടുമ്പോഴും പദ്ധതികൾ രൂപപ്പെടാതെ എസ്റ്റിമേറ്റുകൾ ഫയലുകളിൽ വിശ്രമിക്കുന്ന നിലയാണ്. തരിശു രഹിത പഞ്ചായത്തെന്ന നിലയിൽ ഖ്യാതി നേടിയ പഞ്ചായത്തിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ കർഷകർക്ക് കൃഷി ഉപേക്ഷിക്കേണ്ടി വരുന്നത്.


കരീപ്രയിലെ തോടുകൾ മൈനർ ഇറിഗേഷന്റെ ഉടമസ്ഥതയിലാണ്. ബഡ്ജറ്റിലോ നബാർഡ് പോലെയുള്ള ഏജൻസിയുടെ പദ്ധതികളിലോ ഉൾപ്പെടുത്തിയാലേ തോടുകളുടെ സമഗ്ര നവീകരണം നടപ്പാനാകൂ.
കൃഷി ഓഫീസർ , കരീപ്ര .


തരിശുരഹിത ഗ്രാമമാക്കുന്നതിന് രണ്ടു വിളയും കൃഷിയിറക്കിയിരുന്ന ഏലായാണിത്. തകർന്ന വരമ്പ് നന്നാക്കണമെന്ന ആവശ്യത്തെ അധികൃതർ അവഗണിക്കുന്നത് കർഷകരോടുള്ള വഞ്ചനയാണ്.
ചന്ദ്രൻപിള്ള
പറങ്കിമാംവിള വീട്, പുന്നലഭാഗം.