കരുനാഗപ്പള്ളി: റെയിൽവേ സ്റ്റേഷൻ റോഡിലൂടെയുള്ള വാഹനയാത്ര ദുരിതമാകുന്നു. മെറ്റിലും ടാറിംഗും ഇളകി കുണ്ടും കുഴിയുമായി മാറിയ റോഡിലൂടെ അതിസാഹസികമായാണ് ആളുകൾ യാത്ര ചെയ്യുന്നത്. 2 വർഷം മുമ്പാണ് റോഡിൽ അവസാനമായി അറ്റുകുറ്റപ്പണികൾ നടത്തിയത്. മഴക്കാലത്ത് മഴ വെള്ളം റോഡിൽ തന്നെ കെട്ടി നിൽക്കുന്നതാണ് റോഡിന്റെ തകർച്ചക്ക് കാരണം. 700 മീറ്റർ ദൈർഘ്യംമുള്ള റോഡിന്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഓടയുള്ളത്. അതിലൂടെ മഴവെള്ളം ഒഴുകി പോകാറില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഓടയുള്ള നിർമ്മാണത്തിലുള്ള അപാകതയാണ് ഇതിന് കാരണമായി നാട്ടുകാർ പറയുന്നത്.
റെയിൽവേ സ്റ്റേഷനിലേക്ക് എളുപ്പ വഴി
റോഡിന്റെ കിഴക്ക് ഭാഗത്തു കൂടിയാണ് പാറ്റോലി തോട് കടന്ന് പോകുന്നത്. റോഡ് ഉയർന്നും താഴ്ന്നും കിടക്കുന്നതിനാൽ വെള്ളം തോട്ടിലേക്ക് ഒഴുകാറില്ല. മുമ്പൊക്കെ മഴ വെള്ളം മുണ്ടകപ്പാടത്തേക്ക് ഒഴുകുമായിരുന്നു. പാടത്തിന്റെ വശങ്ങൾ നികത്തി കെട്ടിടങ്ങൾ ഉയരാൻ തുടങ്ങിയതോടെ ഇതുവഴിയുള്ള നീരൊഴുക്കും നിലച്ചു. യാത്രക്കാർക്ക് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള എളുപ്പ വഴിയാണിത്. കരുനാഗപ്പള്ളി ടൗൺ വഴി പോകണമെങ്കിൽ അര കിലോമീറ്റർ അധികം സഞ്ചരിക്കണം.
അത്യാവശ്യമാണ് നവീകരണം
ദേശീയപാതയിൽ നിന്ന് കിഴക്കോട്ട് ആലുംമൂട് വരെയാണ് റോഡ് തകർന്ന് കിടക്കുന്നത്. ചെറുതും വലുതുമായി നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതു വഴി കടന്ന് പോകുന്നത്. 200 ഓളം കുടുംബങ്ങളും നിരവധി സ്ഥാപനങ്ങളും റോഡിന്റെ നേരിട്ടുള്ള ഉപഭോക്താക്കളാണ്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലുള്ള റോഡ് 13, 14 ഡിവിഷനുകളിലൂടെയാണ് കടന്ന് പോകുന്നത്. യാത്രാ പ്രാധാന്യമുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.