shafeek-

കുളത്തൂപ്പുഴ: ഒരു മാസം മുമ്പ് കാണാതായ യുവാവിന്റെ അസ്ഥിക്കൂടം വനത്തിൽ കണ്ടെത്തി. കുളത്തൂപ്പുഴ അമ്പതേക്കർ ഷെഫീക്ക് മൻസിലിൽ ഷെഫീക്കിന്റെ (47) അസ്ഥികൂടമാണ് അമ്പതേക്കർ പാതയിലെ കുട്ടിവനത്തിൽ കണ്ടെത്തിയത്. തെന്മല വനം റേഞ്ച് കല്ലുവരമ്പ് സെക്ഷനിലെ വനം സംരക്ഷണ പ്രവർത്തകർ മുളശേഖരിക്കാൻ എത്തിയപ്പോഴാണ് അസ്ഥികൂടം ശ്രദ്ധയിൽപ്പെടുന്നത്. കുടുംബവുമായി പിണങ്ങികഴിഞ്ഞ ഷെഫീക്ക് മരക്കൊമ്പിൽ തൂങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. മരക്കൊമ്പിൽ കെട്ടിയ നിലയിൽ കൈലിമുണ്ട് കണ്ടെടുത്തു. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെയും മറ്റുവസ്തുക്കളുടെയും അടിസ്ഥാനത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് കാട്ടാന നിലയുറപ്പിച്ചതിനാൽ പൊലീസിനും നാട്ടുകാർക്കും ആദ്യഘട്ടത്തിൽ അടുക്കാനായില്ല. വനപാലകരുടേയും നാട്ടുകാരുടേയും സഹായത്തോടെ തീകൂട്ടിയും പടക്കം പൊട്ടിച്ചും ആനയെ തുരത്തിയ ശേഷമാണ് മൃതദേഹം മാറ്റിയത്.