flate

 ക്യൂ.എസ്.എസ് കോളനിയിൽ ഫ്ലാറ്റ് സമുച്ചയം ഉദ്ഘാടനം നാളെ

കൊല്ലം: പള്ളിത്തോട്ടം ക്യൂ.എസ്.എസ് കോളനിയിൽ 114 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി നിർമ്മാണം പൂർത്തിയായ ഫ്ലാറ്റ് സമുച്ചയം നീലിമ നാളെ ഉദ്‌ഘാടനം ചെയ്യും. 35 വർഷത്തിലധികം പഴക്കമുളള അപകടാവസ്ഥയിലായ പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളിൽ 179 മത്സ്യത്തൊഴിലാളി കുടുംബങ്ങൾ താമസിച്ചിരുന്നു. ഇവയെ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി 114 കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പ് നേതൃത്വത്തിലും 65 കുടുംബങ്ങൾക്ക് കൊല്ലം കോർപ്പറേഷൻ വഴിയും ഫ്ലാറ്റ് നിർമ്മിച്ച് നൽകുന്നതാണ് പദ്ധതി. കോർപ്പറേഷൻ നിയന്ത്രണത്തിലുള്ള ഫ്ളാറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സ്ഥലപരിമിതി കാരണം 17 കുടുംബങ്ങൾക്ക് പോർട്ടിന് സമീപത്താണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.

നീലിമ ഫ്ലാ​റ്റിന്റെ ഘടന

114 ഫ്ലാറ്റുകളിൽ ഓരോന്നിനും 480 ചതുരശ്ര അടി വിസ്തൃതി

അടുക്കള, 2 കിടപ്പ്മുറി, ഹാൾ, ബാത്ത് റൂം സൗകര്യങ്ങൾ

4 എൽ.ഇ.ഡി ട്യൂബുകൾ, 6 എൽ.ഇ.ഡി ബൾബുകൾ, 3 സീലിംഗ് ഫാൻ, കോളിംഗ് ബെൽ തുടങ്ങിയ ഇലക്ട്രിക് ഫിറ്റിംഗ്‌സുകൾ

വാഷ് ബേസിൻ, കിച്ചൺ സിങ്ക്, 3 ടാപ്പ്, മോട്ടോർ, ഷവർ, ടൗവ്വൽസ്റ്റാൻഡ്, 500 ലി​റ്ററിന്റെ 2 ടാങ്കുകൾ ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങൾ

പൂർണമായും വൈദ്യുതീകരിച്ചതും കുടിവെളള സൗകര്യം, കക്കൂസ് സൗകര്യം എന്നിവയുൾപ്പെടെ റെഡി ടു ഒക്കുപൈ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ആകെ ചെലവ് : 13.51 കോടി

114 ഫ്ലാറ്റ് നിർമ്മാണം: 11.40 കോടി

വൈദ്യുതി, കുടിവെളളം, ചു​റ്റുമതി,ൽ ഇന്റർലോക്ക്, ഡ്രയിനേജ് : 2.11 കോടി

ഉദ്ഘാടനം നാളെ

ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ അഫ്‌സാന പർവീൺ, മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ തുടങ്ങിയവർ പങ്കെടുക്കും. ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ.എസ്. ശ്രീലു റിപ്പോർട്ട് അവതരിപ്പിക്കും. ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള സ്വാഗതവും പുനർഗേഹം പ്രോജക്ട് സംസ്ഥാന കോ - ഓർഡിനേറ്റർ

എസ്. സന്തോഷ് കുമാർ നന്ദിയും പറയും.