
കുന്നിക്കോട് : ചക്കുവരയ്ക്കൽ സർക്കാർ ഹൈസ്കൂളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം. കഴിഞ്ഞ രാത്രി സ്കൂളിന്റെ മതിൽ ചാടി കടന്ന് മുറ്റത്ത് നിറുത്തിയിട്ടിരുന്ന സ്കൂൾ വാനിലെ ജി.പി.എസ് സംവിധാനം തകർത്തു. കൂടാതെ വാഹനത്തിന്റെ ഡാഷ്ബോർഡിൽ സൂക്ഷിച്ചിരുന്ന താക്കോലും കവർന്നു. സ്കൂൾ വരാന്തയുടെ തറയിലും ചുവരിലും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുകയും മുറ്റത്തെ അലങ്കാര ചെടിച്ചട്ടികൾ തകർക്കുകയും ചെയ്തു.
ജി.പി.എസ് തകർക്കാൻ ശ്രമിച്ചപ്പോൾ മോട്ടർ വാഹന വകുപ്പിൽ നിന്ന് പുലർച്ചെ 3:50 ന് സ്കൂൾ എച്ച്.എമ്മിന്റെ ഫോണിൽ മെസേജ് വന്നെങ്കിലും രാവിലെ ഉണർന്നപ്പോഴാണ് മെസേജ് കണ്ടത്. എച്ച്.എം. വിവരം അറിയിച്ചതിനെ തുടർന്ന് പി.ടി.എ പ്രസിഡന്റ് കൃഷ്ണകുമാർ വാനിന്റെ ഡ്രൈവറിനോട് വാൻ പരിശോധിക്കാൻ ആവശ്യപ്പെട്ടു. സ്കൂളിലെത്തിയ ഡ്രൈവറാണ് ജി.പി.എസ് തകർത്ത വിവരം അധികൃതരെ അറിയിച്ചത്. കുന്നിക്കോട് പൊലീസിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ എം.അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ വൈശാഖ് കൃഷ്ണൻ അടങ്ങുന്ന സംഘം സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. സ്കൂളുമായി അടുത്ത ബന്ധമുള്ളവരായിരിക്കാം അക്രമം കാട്ടിയതെന്ന് സംശയമുളളതായി പൊലീസ് പറഞ്ഞു.