ഓടനാവട്ടം : വെളിയം പഞ്ചായത്തിലെ കട്ടയിൽ ചൂലായ് റോഡിൽ തെരുവ് വിളക്കുകൾ കത്തുന്നില്ല. വർഷങ്ങളായി വലിയപണയിൽ മുതൽ നാഗരവ്കാവ് പാലം വരെയും ഇരുട്ടിൽ തപ്പിയാണ് ആളുകളുടെ യാത്ര. ധാരാളം വീടുകളും ക്ഷേത്രങ്ങളും ഉൾപ്പെടുന്ന ഈ പ്രദേശം കാർഷിക മേഖലകൂടിയാണിവിടം. കട്ടയിൽ തോടിന്റെ കരകളും മറ്റ് വെള്ളക്കെട്ടുകളും കുറ്റികാടുകളുമാണ് റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ളത്. തെരുവ് നായ്ക്കളും ഇഴജന്തുക്കളും കാരണം പകൽ സമയത്തുപോലും ഭീതിയോടെയല്ലാതെ നടക്കാനാവില്ല.
സന്ധ്യയായാൽ ഭീതിയോടെ
കഴിഞ്ഞ രണ്ടരവർഷമായി തെരുവിവിളക്കുകൾ കത്താതായിട്ട്.
നേരം സന്ധ്യയായാൽ പ്രദേശ വാസികൾ ഭീതിയിലാണ്. നാടിന്റെ വിവിധ പ്രദേശങ്ങളിലേക്കുമുള്ള ഏക റോഡാണിത്. സന്ധ്യ കഴിഞ്ഞാൽ ടാക്സികളോ ഓട്ടോകളോ പോലും ഇതുവഴി വരാൻ തയ്യാറല്ല. ഇരുചക്ര വാഹനങ്ങളിൽ ഭയന്നാണ് യാത്ര ചെയ്യുന്നത്.
കട്ടയിൽ ചൂലാ റോഡിൽ തെരുവ് വിളക്കില്ലാതായിട്ട് വർഷങ്ങളായി. ബന്ധപെട്ടവരോടൊക്കെ ആവശ്യപ്പെട്ടിട്ടും ഇതുവരെയും പരിഹാരമില്ല. എന്റെ വീട്ടിലെ ലൈറ്റ് നേരം വെളുക്കും വരെ
യാത്രക്കാർക്ക് വേണ്ടി കത്തിച്ചിട്ടിരിക്കുകയാണ്. അധികൃതർ
അടിയന്തരമായി ഇടപെട്ട് പ്രദേശത്ത് തെരുവുവിളക്കുകൾ കത്തിക്കണം.
പി. പുഷ്പാഗദൻ,
പുഷ്പവിലാസം,
ചൂലായ്, കട്ടയിൽ
സ്ട്രീറ്റ് മെയിൻ പുതുതായി വലിച്ചാലെ തെരുവ് വിളക്കുകൾ സ്ഥാപിക്കാനാവൂ. അതിനുള്ള എസ്റ്റിമേറ്റ് സർവേ ആരംഭിക്കും. നാലുദിവസം മതിയാകും. 820 മീറ്ററോളം സ്ട്രീറ്റ് മെയിൻ 19 വാർഡിലും ലഭ്യമാക്കാൻ പഞ്ചായത്തിൽ നിന്ന് അനുമതി വേണം. എത്രയും വൈകാതെ പരിഹാരമുണ്ടാക്കാൻ കഴിയും.
രഞ്ജിത് ശങ്കർ
സബ് എൻജിനീയർ,
ഇലക്ട്രിസിറ്റി ബോർഡ്,
വെളിയം.