 
കൊല്ലം: സഹകരണ മേഖലയുടെ നിലനിൽപ്പ് നാടിന്റെ വികസനത്തിന് ആവശ്യമാണെന്ന് ധന മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേരള ബാങ്ക് എക്‌സലൻസ് അവാർഡ് വിതരണവും സഹകരണ സംഗമവും കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 87 ലക്ഷം ഇടപാടുകാരാണ് സഹകരണ ബാങ്കുകളിലുള്ളത്. രണ്ടര ലക്ഷം കോടി രൂപയുടെ നിക്ഷപവുമുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് നിർണായകമാണ് സഹകരണ ബാങ്കുകളുടെ വളർച്ചയെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കൽ, പുനലൂർ, കുലശേഖരപുരം സർവീസ് ബാങ്കുകൾക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളോടെ എക്‌സലൻസ് അവാർഡുകൾ മന്ത്രി സമ്മാനിച്ചു.
എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. കേരള ബാങ്ക് ഡയറക്ടർ ജി. ലാലു, വിവിധ സംഘടനകളുടെ ഭാരവാഹികളായ കെ. സേതുമാധവൻ, എം.സി. ബിനുകുമാർ, തൊടിയൂർ ബാങ്ക് പ്രസിഡന്റ് തൊടിയൂർ രാമചന്ദ്രൻ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എ. അബ്ദുൽ ഹലീം, കേരള ബാങ്ക് ജനറൽ മാനേജർ ജി. സുരേഷ് കുമാർ, ഡെപ്യുട്ടി ജനറൽ മാനേജർ പി.എസ്. വിനീത് തുടങ്ങിയവർ പങ്കെടുത്തു.