എഴുകോൺ : സ്ഥിരം വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ കരീപ്രയിലെ നാട്ടുകാർ വലയുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഇവിടുത്തെ വില്ലേജ് ഓഫീസർ ദീർഘകാല അവധിയിൽ പോയത്. പൂയപ്പള്ളി വില്ലേജ് ഓഫീസർക്കാണ് പകരമായി അധികച്ചുമതല. ഇതോടെ പൂയപ്പള്ളിയിലെ നാട്ടുകാരും ദുരിതത്തിലായി.
ഡിജിറ്റൽ സിഗ്നേച്ചറില്ലാതെ
ഒന്നും നടക്കില്ല
കഴിഞ്ഞ 17ന് ശേഷം ഡിജിറ്റലായി നൽകേണ്ട സർട്ടിഫിക്കറ്റുകളൊന്നും കരീപ്രയിൽ നിന്ന് നൽകിയിട്ടില്ല. വില്ലേജ് ഓഫീസറുടെ ഡിജിറ്റൽ സിഗ്നേച്ചറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണിത്. ക്ഷേമ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്ന് വലിയ തിരക്കാണ് വില്ലേജ് ഓഫീസുകളിൽ ഉള്ളത്. അടിയന്തര പ്രാധാന്യമുള്ള സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി കിട്ടാതെ വന്നതോടെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ.
ഓഫീസർ വാഴാത്ത വില്ലേജ്
കഴിഞ്ഞ ഒരു വർഷമായി ഓഫീസർമാർ വാഴാത്ത വില്ലേജായി കരീപ്ര മാറിയെന്നും ആക്ഷേപമുണ്ട്. രണ്ട് വില്ലേജ് ഓഫീസർമാരാണ് ഇക്കാലയളവിൽ സ്ഥിര മാറ്റം വാങ്ങി ഇവിടെ നിന്ന് പോയത്.
ദൈനം ദിന ജീവിതാവശ്യങ്ങളുമായി എത്തുന്നവർ വില്ലേജ് ഓഫീസിലെത്തി നിരാശരായി മടങ്ങുകയാണ്. സ്ഥിരം ഓഫീസറെ നിയമിച്ച് പരിഹാരം കാണണം.
എസ്.സുജിത്ത്,
സെക്രട്ടറി, എസ്.എൻ.ഡി.പി.യോഗം ശാഖ, കരീപ്ര .