കൊല്ലം : നീരാവിൽ നവോദയം ഗ്രന്ഥശാലയിൽ ത്രിദിന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബർ 3, 4, 5 തീയതികളിൽ പ്രതിഭാ സംഗമം, പൂജവയ്പ്പ്, കാവ്യസംഗീതാർച്ചന, ഗസൽ നിലാവ് എന്നിവ നടക്കും. ഒക്‌ടോബർ 3 ന് വൈകിട്ട് 5 ന് കെ.പി. അപ്പൻ സ്മാരക നവശക്തി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിഭാസംഗമം മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് ബേബിഭാസ്‌ക്കർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി, സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്‌ക്കാര ജേതാവ് ചവറ കെ.എസ്.പിള്ള, സാങ്കേതിക സർവ്വകലാശാലാ പി.വി.സി ഡോ.എസ്. അയ്യൂബ്, രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായ ആർ.ജയശങ്കർ, കേരള സർവ്വകലാശാലാ സിൻഡിക്കേറ്റംഗം ഡോ.എസ്.നസീബ്, പെരുമൺ എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.ബിന്ദുപ്രകാശ്, കേരളാ എൻജിനീയറിംഗ് എൻട്രൻസ് (കീം) പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ നവജ്യോത് ബി.കൃഷ്ണൻ, റാങ്ക്, ഡോക്ടറേറ്റ് ജേതാക്കൾ, കലാപുരസ്‌ക്കാരത്തിനർഹരായവർ, സേവന രംഗത്ത് മികവ് കാട്ടിയവർ എന്നിങ്ങനെ 27 പേരെ നവോദയം പ്രതിഭാപുരസ്‌ക്കാരങ്ങൾ നൽകി മന്ത്രി.ഡോ.ആർ.ബിന്ദു, എം.മുകേഷ് എം.എൽ.എ എന്നിവർ ആദരിക്കും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കാഷ് അവാർഡും പുസ്തകങ്ങളും സമ്മാനമായി നൽകും.

ഗ്രന്ഥശാലയുടെ മികച്ച സംരംഭകനുള്ള എൻ.ശിവശങ്കരപിള്ള സ്മാരക അവാർഡ് അഞ്ചാലുംമൂട് സർവ്വീസ് സഹ. ബാങ്ക് പ്രസിഡന്റ് കുറ്റിയിൽ സോമന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ സമ്മാനിക്കും. ജില്ലയിലെ മികച്ച ഗ്രന്ഥശാലാ ലൈബ്രേറിയനുള്ള പ്രൊഫ.കല്ലടരാമചന്ദ്രൻ സ്മാരക അവാർഡ് അയത്തിൽ സാഹിത്യ വിലാസിനി ഭാരവാഹി കെ.എം.ഭാസ്‌ക്കരൻ നായർക്ക് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ.മധു നൽകും. കെ.രവീന്ദ്രൻ സ്മാരക ജില്ലാതല ഫോട്ടോഗ്രാഫി മത്സര വിജയികൾക്ക് ചവറ കെ.എസ്.പിള്ള സമ്മാനദാനം നടത്തും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് കാഷ് അവാർഡുകളും പുസ്തക സമ്മാനവും കൗൺസിലർമാരായ ഗിരിജാ സന്തോഷ്, സ്വർണ്ണമ്മ, സിന്ധു റാണി എന്നിവർ വിതരണം ചെയ്യും. എസ്.ആർ. അജിത്ത് സംസാരിക്കും. രാത്രി 7.30 മുതൽ ബാസ്റ്റിൻ ജോൺ നയിക്കുന്ന ഗസൽ നിലാവ്.
നാലിന് വൈകിട്ട് 5 മുതൽ യുവകവികളും സംഗീത വിദ്യാർത്ഥികളും കാവ്യ-സംഗീതാർച്ചന നടത്തും. വിജയദശമി ദിനമായ 5 ന് രാവിലെ 8 ന് ഗ്രന്ഥശാലാ ജനരഞ്ജിനീ ഹാളിൽ ഡോ.എസ്.ശ്രീനിവാസൻ കുഞ്ഞുങ്ങളെ എഴുത്തിനിരു​ത്തും.