കൊല്ലം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ കെ.എസ് ആർ.ടി.സി ബസ് ഉൾപ്പെടെ വാഹനങ്ങൾ എറിഞ്ഞു തകർത്ത സംഭവത്തിൽ രണ്ട് പേർ ഇരവിപുരം പൊലീസിന്റെ പിടിയിലായി. കയ്യാലയ്ക്കൽ, ആസാദ് നഗർ 219, ഷഫിനാ മൻസിൽ ഷംനാദ് (37), പോളയത്തോട്, നാഷണൽ നഗർ 168, വയലിൽ തോപ്പിൽ സജീർ (26) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന്റെയും, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ് വാഹനത്തിന്റെയും ഗ്ലാസ് കൊല്ലം തട്ടാമല ഭാഗത്ത് ബൈക്കിലെത്തിയ പ്രതികൾ എറിഞ്ഞ് തകർത്തിരുന്നു. പൊതുമുതൽ നശിപ്പിച്ചതിന് ഇവർക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതികൾ ഒളിവിലായിരുന്നു. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്‌.