 
പുനലൂർ: സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽ 27ലക്ഷം രൂപയും 5.5പവൻ സ്വർണ്ണവുമായി തമിഴ്നാട് സ്വദേശി എക്സൈസിന്റെ പിടിയിലായി. കെ.എസ്.ആർ.ടി.സി ബസിൽ വരികയായിരുന്ന തമിഴ്നാട് കടയനെല്ലൂർ സ്വദേശി മുഹമ്മദ്അക്രം(27)ആണ് പിടിയിലായത്.
തെങ്കാശി - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് എക്സൈസ് ചെക്ക് പോസ്റ്റിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് അക്രം കുടുങ്ങിയത്. ഇന്നലെ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. എക്സൈസ് സംഘം തിരഞ്ഞത് ലഹരി വസ്തുക്കളായിരുന്നെങ്കിലും മുഹമ്മദ് അക്രത്തിന്റെ ബാഗിൽ നിന്ന് ലഭിച്ചത് പണവും രണ്ട് സ്വർണ മാലകളുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും മുഹമ്മദ് അക്രത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.
അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ മൂന്ന് കെട്ടുകളിലായി ന്യൂസ് പേപ്പറിൽ പെതിഞ്ഞ നിലയിൽ ബാഗിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് സ്വർണ്ണം വാങ്ങാൻ കൊണ്ടുവന്ന പണമാണ് പിടികൂടിയതെന്ന് ഉടമ ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി പണവും സ്വർണ്ണവുമായി ഉടമയെ തെന്മല പൊലീസിന് കൈമാറും. പണത്തിൻെറ ഉറവിടത്തെ സംബന്ധിച്ചും മറ്റുംകൂടുതൽ അറിയാൻ ഉടമയെ ചോദ്യം ചെയ്യുമെന്ന് സംഭവ സ്ഥലം സന്ദർശിച്ച പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് പറഞ്ഞു. പോപ്പുലർ ഫ്രണ്ടിൻെറ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ചയിൽ ഹർത്താൽ പ്രഖ്യാപിച്ചതിന് ശേഷം തമിഴ്നാട് അതിർത്തിയിലെ ചെക്ക്പോസ്റ്റ്കളിലും മറ്റും വാഹന പരിശോധന കർശന മാക്കിയിട്ടുണ്ട്. ബസിൽ പണവുമായെത്തിയ ആൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
എക്സൈസ് ചെക്ക്പോസ്റ്റ് ഇൻസ്പെക്ടർ പി.സി. ഗിരീഷ്, പ്രിവന്റീവ് ഓഫീസർ ജി.ഉണ്ണികൃഷ്ണൻ,സി.ഇ.ഒമാരായ എം.അബ്ദുൽ, പി.എസ്.സൂരജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.