
പത്തനാപുരം: ആൾമാറാട്ടം നടത്തി നിരവധി പേരിൽ നിന്നായി കോടികൾ തട്ടിയ യുവാവ് പൊലീസിന്റെ പിടിയിലായി. പത്തനാപുരം മാങ്കോട് പാറക്കാവിൽ വീട്ടിൽ പി.ജി.അനീഷാണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്.
ഡോക്ടർ, സർക്കാർ ഉദ്യോഗസ്ഥൻ തുടങ്ങിയ വേഷം കെട്ടിയാണ് പലരിൽ നിന്ന് വൻ തുക തട്ടിയെടുത്തത്. എയർപോർട്ട്, റയിൽവേ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ജോലിയും വിവിധ സ്ഥലങ്ങളിൽ വസ്തു നല്കാമെന്നും ബാങ്ക് ലോൺ തരപ്പെടുത്താമെന്നും പറഞ്ഞാണ് അനീഷ് പണം തട്ടിയത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം എറണാകുളം ജില്ലകളിൽ നിന്നായി നൂറ് കണക്കിന് പേരാണ് പൈസ നഷ്ടപ്പെട്ടതായി പരാതി നല്കിയിട്ടുള്ളത്. മുന്തിയ വാഹനത്തിൽ അംഗരക്ഷകരുമായും വനിതകളുമായി എത്തി ഉദ്യോഗസ്ഥനെന്ന് വിശ്വസിപ്പിച്ചാണ് സ്ത്രീകളടക്കമുള്ളവരെ കബിളിപ്പിച്ചത്. സർക്കാർ സ്ഥാപനമായ പിറവന്തൂർ കുര്യോട്ടുമലയിലെ ഫാമിൽ തനിക്കുള്ള ഭൂമി നൽകാമെന്ന് പറഞ്ഞും പണം തട്ടിയിരുന്നു.
പത്തനാപുരം കമുകുംചേരിയിൽ വാടക വീട്ടിൽ നിന്നാണ് പത്തനാപുരം എസ്.എച്ച്.ഒ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അനീഷിനെ പിടികൂടിയത്. അനീഷിന്റെ കൂട്ടാളികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.