കൊല്ലം: പറഞ്ഞുറപ്പിച്ച തോട്ടണ്ടി നൽകാതെയും ഗുണനിലവാരം കുറഞ്ഞവ എത്തിച്ചും കശുഅണ്ടി വ്യവസായികളിൽ നിന്ന് 10.25 കോടി രൂപയുടെ തട്ടിയ ആൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കൊട്ടാരക്കര കുളനട സ്വദേശി പ്രതീഷ്‌കുമാർ പിള്ളയാണ് (44) പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. സമാനരീതിയിലെ നാല് കേസുകൾ പ്രതീഷ് കുമാർ പിള്ളയുടെ പേരിലുണ്ട്.
2016-17 കാലയളവിലാണ് പ്രതീഷ്കുമാർ തട്ടിപ്പ് ആരംഭിച്ചത്. പരിചയമുള്ള ഇടനിലക്കാരനൊപ്പം വ്യവസായികളെ സമീപിച്ച് നിലവാരമുള്ള തോട്ടണ്ടി ടാൻസാനിയയിൽ നിന്ന് ഇറക്കിനൽകാമെന്ന് പറഞ്ഞ് കോടികൾ കൈപ്പറ്റുകയായിരുന്നു. മാർക്കറ്റ് വിലയേക്കാൾ 25 ഡോളർ വരെ കുറഞ്ഞ വിലയ്ക്ക് മികച്ച തോട്ടണ്ടി നൽകാമെന്നായിരുന്നു വാഗ്ദാനം. നിരന്തരമായി സമീപിച്ച് കരാറൊപ്പിട്ട ശേഷം ഔട്ട് ടൺ 52 എൽ.ബി.എസ് വരുന്ന തോട്ടണ്ടി വാഗ്ദാനം ചെയ്ത് 42 എൽ.ബി.എസിലും താഴെ മാത്രം ഗുണനിലവാരമുള്ള തോട്ടണ്ടിയാണ് ഇയാൾ നൽകിയതെന്ന് പരാതിക്കാർ പറയുന്നു. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതി നൽകാൻ കൂട്ടാക്കിയില്ല. ടാൻസാനിയയിലെ തോട്ടണ്ടി കമ്പനിയുടെ ഗോഡൗണിൽ നിന്ന് കേരളത്തിലേക്കുള്ള തോട്ടണ്ടി കപ്പലിൽ അയയ്ക്കാനായി കണ്ടെയ്നറിൽ കയറ്റിവിട്ട ശേഷം വഴിയിൽ വച്ച് കണ്ടെയ്നർ മറിച്ചുവിറ്റും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇങ്ങനെ ലക്ഷങ്ങൾ നൽകിയിട്ടും ഒരു രൂപയുടെ കശുഅണ്ടി പോലും ലഭിക്കാതെ കബിളിപ്പിക്കപ്പെട്ട വ്യവസായികളുമുണ്ട്. ടാൻസാനിയയിലെ കമ്പനിയുടെ പേരിലാണ് വ്യവസായികൾ പണം നൽകിയിരുന്നത്. ഈ കമ്പനി അറിയാതെ കണ്ടെയ്നറുകൾ മാറ്റിയാണ് ഗുണനിലവാരമില്ലാത്ത തോട്ടണ്ടി എത്തിച്ചതെന്നും വ്യവസായികൾ പറയുന്നു.
നാട്ടിലെത്തിയത് വ്യാജ പാസ്പോർട്ടിൽ
പ്രതീഷ്കുമാർ ജോലിയെടുത്തിരുന്ന കമ്പനിയുടെ മലയാളിയായ ഉടമ ടാൻസാനിയയിൽ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ജയലിലായ പ്രതീഷ്കുമാർ ഇടയ്ക്ക് ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ട് ഉണ്ടാക്കി ഇന്ത്യയിലെത്തുകയായിരുന്നു. അതിന് ശേഷം കേരളത്തിലെത്താതെ മറ്റ് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെ തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് മണത്തറിഞ്ഞ പ്രതീഷ്കുമാർ ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു. സി.ഐ. ഉമറുൾ ഫാറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അനിൽകുമാർ, അമൽ, വേണു, ജോസ്, ഫിറോസ്, വിവേക്, സി.പി.ഒ. ഹരീഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുന്നത്.