പുത്തൂർ: ആലയ്ക്കൽ, ചേരി ഭാഗങ്ങളിൽ കലുങ്കുകൾക്ക് പുനർജ്ജന്മം. ഇവിടുത്തെ പതിവ് വെള്ളക്കെട്ടിന് ഇനി ശാശ്വത പരിഹാരം. കൊട്ടാരക്കര- ശാസ്താംകോട്ട റോഡിന്റെ നവീകരണ ജോലികളുടെ ഭാഗമായിട്ടാണ് പുത്തൂരിലെ നിർമ്മാണം. ചേരിയിൽ ക്ഷേത്രത്തിന് മുന്നിലായി റോഡിൽ മിക്കപ്പോഴും വെള്ളക്കെട്ടാണ്. പുത്തൂർ ചന്തയിൽ നിന്നുള്ള മലിന ജലം ഉൾപ്പടെ ഇതുവഴിയാണ് ഒഴുകുന്നത്. ഓടകൾ അടഞ്ഞതും കലുങ്ക് പൂർണമായും അടഞ്ഞതുമൊക്കെ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മലിന ജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്ന പതിവും ഉണ്ടായിരുന്നു. മഴക്കാലത്താണ് കൂടുതൽ ദുരിതങ്ങൾ.
വെള്ളം സുഗമമായി ഒഴുകാൻ
പവിത്രേശ്വരം പഞ്ചായത്ത് മുൻപ് ചെറിയ തോതിൽ പരിഹാര മാർഗങ്ങളുമായെത്തിയിരുന്നു. ഒരു മഴ പെയ്തപ്പോഴേക്കും ഓട വീണ്ടും അടഞ്ഞു. സ്ഥിതി പഴയതിലും ദയനീയമായി. ഇപ്പോൾ ഇവിടെ ആഴത്തിൽ മണ്ണെടുത്തുമാറ്റിയാണ് കലുങ്ക് നിർമ്മിക്കുന്നത്. റോഡിന്റെ ഒരു വശത്തെ ഗതാഗതം അടച്ചുകൊണ്ടാണ് നിർമ്മാണം. റോഡ് കുഴിച്ച് മണ്ണെടുത്ത് മാറ്റി അടിഭാഗത്ത് കോൺക്രീറ്റ് നടത്തി. വശങ്ങൾ കെട്ടിപ്പൊക്കി. മുകൾ ഭാഗത്ത് കോൺക്രീറ്റ് നടത്തിയ ശേഷം റോഡിന്റെ മറുവശം ഇളക്കി നിർമ്മാണം തുടങ്ങും. റോഡിലെ ഓടകളുടെ മൂടികൾ നീക്കി മാലിന്യം മാറ്റുകയാണ്. ഓട തെളിച്ച് വെള്ളം സുഗമമായി ഒഴുകാൻ സംവിധാനമൊരുക്കുന്നു. ഓടകളുടെ മൂടി തുറന്നതോടെ പ്രദേശത്ത് വലിയ തോതിൽ ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്.
ആലയ്ക്കൽ ജംഗ്ഷന്റെ ദുരിതം നീങ്ങുന്നു
ചെറിയ മഴ പെയ്താൽപോലും വെള്ളം കെട്ടി നിൽക്കുന്ന ഭാഗമാണ് ആലയ്ക്കൽ ജംഗ്ഷൻ. മുട്ടൊപ്പം വെള്ളം പൊങ്ങുമ്പോൾ യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. സമീത്തെ വ്യാപാര ശാലകളിലേക്കും വെള്ളം കടക്കാറുണ്ട്. ഏറെക്കാലമായി അനുഭവിക്കുന്ന ദുരിതമാണ് നീങ്ങുന്നത്. ഇവിടെയും റോഡിന്റെ ഒരു വശത്തെ ഗതാഗതം തടഞ്ഞുകൊണ്ടാണ് നിർമ്മാണം. ഒരു വശം പൂർത്തിയാക്കിയശേഷം റോഡിന്റെ ശേഷിക്കുന്ന ഭാഗത്തെ നിർമ്മാണം തുടങ്ങും. റോഡിന് ഓടകൾ നിർമ്മിച്ച് കലുങ്കിൽകൂടി വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കും.