 
കുന്നിക്കോട് : പത്തനാപുരം ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം വേണമെങ്കിൽ ഇനിയും കടമ്പകളേറെ കടക്കണം. 2015 ഡിസംബർ 31ന് ആവണീശ്വരം നെടുവന്നൂരിൽ പ്രവർത്തനം ആരംഭിച്ച ഫയർ സ്റ്റേഷൻ നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വന്തം ഭൂമിയും അഭ്യന്തര വകുപ്പിൽ നിന്ന് അനുമതിയും ലഭിച്ചിട്ട് വർഷങ്ങളായെങ്കിലും കെട്ടിട നിർമ്മാണം അനിശ്ചിതത്തിലാണ്.
സ്ഥലം അനുയോജ്യം
തലവൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്ന് പോകുന്ന കുന്നിക്കോട് പത്തനാപുരം ശബരി ബൈപ്പാസ് പാതയോരത്തെ പാലത്തിനോട് ചേർന്നാണ് ഫയർ സ്റ്റേഷൻ നിർമ്മിക്കാനുള്ള സ്ഥലമുള്ളത്. എല്ലാ ദിശയിലേക്കും വേഗത്തിൽ എത്തിച്ചേരാനും ഫയർ എൻജിനുകളിൽ വെള്ളം നിറയ്ക്കാനും മറ്റമുള്ള മിക്ക ആവശ്യങ്ങൾക്കും സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെയാണ് ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ റവന്യൂ പുറമ്പോക്ക് ഭൂമിയിൽ നിന്ന് 30സെന്റ് സ്ഥലം ആഭ്യന്തര വകുപ്പ് വിട്ടു നൽകിയത്.
2.71 കോടി അപര്യാപ്തം
ഫയർ സ്റ്റേഷന്റെ കെട്ടിട നിർമ്മാണത്തിന് സർക്കാർ 2.71 കോടി രൂപ അനുവദിച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. 2022 മാർച്ചിൽ പൂർത്തിയാക്കാനായിരുന്നു പദ്ധതി. മണ്ണ് പരിശോധനയടക്കമുള്ള പ്രാഥമിക നടപടികൾ നടന്നെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ നടപടി ക്രമങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അന്ന് കെട്ടിടം നിർമ്മിക്കാൻ അനുവദിച്ച തുക ഇപ്പോൾ അപര്യാപ്തമാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കൂടുതൽ തുക ലഭിക്കണമെങ്കിൽ തുടക്കം മുതലുള്ള നടപടിക്രമങ്ങൾ ആരംഭിക്കണം.
മരങ്ങൾ മുറിക്കണം, ലേലം 6ന്
ഫയർ സ്റ്റേഷൻ നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റിയാൽ മാത്രമേ അവിടെ കെട്ടിടം നിർമ്മിക്കാൻ കഴിയൂ. ഒരു മാവും പെരുമരവും രണ്ട് പാലമരവുമാണ് സ്ഥലത്തുള്ളത്. .പാഴ്മരങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇവയുടെ അടിസ്ഥാന ലേല തുകയായി 57,665 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. വില കൂടുതലാണെന്ന കാരണത്താൽ കഴിഞ്ഞ ജൂൺ 15ന് നടത്തിയ ലേലത്തിൽ ആരും പങ്കെടുത്തില്ല. തുടർന്ന് കൊല്ലം ജില്ലാ കലക്ടർ അഫ്സാനാ പർവീൺ ഒക്ടോബർ 6ന് രാവിലെ 11ന് പിടവൂർ വില്ലേജ് ഓഫീസിൽ വെച്ച് പുനർലേലം നടത്താൻ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ അടിസ്ഥാന തുകയിൽ മാറ്റമില്ലാത്തതിനാൽ ലേലത്തിൽ പങ്കെടുക്കാൻ ആരെങ്കിലും വരുമോയെന്ന കാര്യം സംശയമാണ്.