കൊല്ലം: കേരളത്തിലൊട്ടാകെ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ സംഭവത്തിലാണ് അറസ്റ്റ്. കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടിൽ കപ്യാർകുന്നേൽ സുനീഷ് (28), ഇടുക്കി മണിയാർകുടി പടിഞ്ഞാറെക്കര വീട്ടിൽ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയിൽ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടിൽ വിനോദ് (46) എന്നിവരെയാണ് പിടികൂടിയത്.
സംഘത്തിലെ നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. പ്രധാനമായും സ്ത്രീകൾ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ച് രണ്ട് തവണകളിലായി 94.5 ഗ്രാം മുക്ക് പണ്ടം പണയം വച്ച് കരുനാഗപ്പള്ളി വള്ളിക്കാവിലുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയെടുത്തിരുന്നു. പിന്നീട് പണയ സ്വർണ്ണം വ്യാജമാണെന്ന് മനസ്സിലാക്കിയ സ്ഥാപന ഉടമ നൽകിയ പരാതിയിൽ കരുനാഗപ്പളളി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സമർപ്പിച്ച തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിഷാദ് പിടിയിലായി. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് സംഘത്തിലെ കണ്ണികളായ കൂട്ട് പ്രതികളേയും പിടികൂടുകയായിരുന്നു.
എല്ലാ ജില്ലകളിലും ഈ സംഘത്തിന്റെ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞമാസം 30ന് 26 ഗ്രാം മുക്ക് പണ്ടം പണയം വയ്ക്കാനുള്ള ശ്രമം വിജയിച്ചതോടെ ഈമാസം രണ്ടിന് വീണ്ടും 68.5 ഗ്രാം കൂടി ചേർത്ത് ആകെ 3,71,000 രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇവരിൽ സുഭാഷാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കി 916 മുദ്ര പതിച്ചു നൽകുന്നത്. ഇവർക്കെതിരെ കൊല്ലം,ആലപ്പുഴ,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ സമാനമായ കേസുണ്ട്.