 
കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ കുടുംബശ്രീയുടെ ഫണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ അനധികൃതമായി പിൻവലിച്ചതും അപഹരിച്ചതും അങ്ങേയറ്റം ലജ്ജാകരവും അപലപനീയവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കുടുംബശ്രീ തട്ടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശക്തികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് കോർപ്പറേഷൻ സോണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പിന് നേതൃത്വം നൽകിയ മുൻ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനും കുടുംബശ്രീ യൂണിറ്റിന്റെ സെക്രട്ടറിയായ ഭാര്യയ്ക്കുമെതിരെ വിജിലൻസ് അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് നിസാർ കലതിക്കാട്ട് അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽസെക്രട്ടറി ജി. സേതുനാഥപിള്ള, ബ്ലോക്ക് പ്രസിഡന്റ് ചവറ ഗോപകുമാർ, നേതാക്കളായ കെ. അനിൽകുമാർ, പി.ഗോപാലകൃഷ്ണൻനായർ, ബി.രാമാനുജൻപിള്ള, ഗിരീഷ് മേച്ചേഴം, സന്തോഷ് കിടങ്ങിൽ, ഉല്ലാസ് ചെമ്പകശ്രി, അരുൺഹരി, ഉണ്ണികൃഷ്ണൻ ചിറ്റൂത്തറ, രാജേന്ദ്രമൂർത്തി, മോഹൻ, മണിക്കുട്ടൻപിള്ള, പി.ആർ. രാഗേഷ്, കെ.ശിവദാസൻ, നിസാറുദ്ദീൻ, യദൂകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.