 
എഴുകോൺ : ആലപ്പുഴയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ . നെടുമൺകാവ് കുടിക്കോട് പടിഞ്ഞാറ്റെവിള വീട്ടിൽ ബാബുവിന്റെയും രാധാമണിയുടെയും മകൻ വിഘ്നേഷ് ബാബു (21) വിനെയാണ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രി വളപ്പിലെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ആലപ്പുഴ പഴവീട് പി.എം.സി ആശുപത്രിയിലെ കാന്റീനോട് ചേർന്ന കെട്ടിടത്തിലെ മുറിയിലാണ് മൃതദേഹം കണ്ടത്. ആശുപത്രിയിലെ അക്കൗണ്ടന്റായിരുന്നു വിഘ്നേശ്. ചൊവ്വാഴ്ച്ച രാവിലെ 8.30ഓടെ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ആലപ്പുഴ സൗത്ത് പൊലീസിന്റെ പരിശോധനയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ജോലി സമ്മർദം ഉണ്ടായിരുന്നതായി വിഘ്നേഷിന്റെ അച്ഛൻ ബാബു പറഞ്ഞു. മൂന്ന് മാസം മുമ്പാണ് വിഘ്നേഷ് ആശുപത്രിയിൽ ജോലിക്ക് കയറിയത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ജോലിയിൽ നിന്ന് മാനേജ്മെന്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ റിസോർട്ടിലേക്ക് മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച്ച രാത്രി 10ന് വിഘ്നേഷ് അമ്മ രാധാമണിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അതിന് ശേഷം രാത്രി 11ന് ആശുപത്രിയിലെ ഒരു ഡോക്ടറും വിഘ്നേഷിനെ ഫോണിൽ വിളിച്ചിരുന്നു. തൂങ്ങി മരിച്ച മുറിയുടെ വാതിലും തുറന്ന് കിടക്കുകയായിരുന്നു. വിഘ്നേശിന്റെ ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം അഴിച്ചു മാറ്റിയതും ഇൻക്വസ്റ്റ് പൂർത്തിയാക്കിയതുമാണ് ബന്ധുക്കളുടെ സംശയത്തെ ബലപ്പെടുത്തുന്നത്. മരണം നടന്നതിന് ശേഷം ആശുപത്രി മാനേജ്മെന്റ് ഇതുവരെയും വീട്ടിൽ വരികയോ വിളിച്ചു ചോദിക്കുകയോ ചെയ്തില്ലെന്നും ബാബു പറഞ്ഞു. രാത്രി 12.30 വരെയും വിഘ്നേശ് വാട്സ്ആപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നുവെന്നും ഒരിക്കലും തൂങ്ങി മരിക്കാൻ സാദ്ധ്യതയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാൻ കഴിയുവെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ആലപ്പുഴ സൗത്ത് പൊലീസ് പറഞ്ഞു. മീയണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വൈഷ്ണ ബാബുവാണ് സഹോദരി. വൈഷ്ണയുടെ സുഹൃത്ത് മുഖേനയാണ് വിഘ്നേശ് ആലപ്പുഴയിലെ ആശുപത്രിയിൽ ജോലിയ്ക്ക് പ്രവേശിച്ചത്.