പുനലൂർ: തെന്മല പഞ്ചായത്തിലെ അണ്ടൂർപച്ചയിൽ പുലി ഇറങ്ങി 5 ആടുകളെയും വളർത്ത് നായയെയും കടിച്ച് കൊന്നു. അണ്ടൂർപച്ച ചരുവിള വീട്ടിൽ ബാബു,അംബിക ദമ്പതികളുടെ വീടിനോട് ചേർന്ന കൂട്ടിലും പുറത്തും കെട്ടിയിട്ടിരുന്ന ആടുകളെയും വളർത്തുനായയെയുമാണ് പുലി കടിച്ച് കൊന്നത്. വീട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ബുധനാഴ്ച അർദ്ധ രാത്രിയോടെ പുലി ഇറങ്ങി ആടുകളെ കടിച്ച് കൊന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടുദിവസവം മുമ്പ് മറ്റൊരു ആടിനെ കാണാതാവുകയും ചെയ്തു. ഇതിനെയും പുലി പിടിച്ചതാകാമെന്ന് സംശയിക്കുന്നു. സമീപത്തെ തുരപ്പും പുറം, മൂന്ന്കണ്ണറ , ആനപെട്ടകോങ്കൽ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വന്യ മൃഗശല്യം രൂക്ഷമാണ്. വാർഡ് അംഗം പ്രമീളകുമാരി വനപാലകരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനപാലകർ മേൽ നടപടികൾ സ്വീകരിച്ചു. ക്ഷീര കർഷകരമായ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പഞ്ചായത്ത് അംഗം ആവശ്യപ്പെട്ടു.