എഴുകോൺ : എഴുകോണിലെ ഹരിതകർമ്മസേന ഇനി സ്മാർട്ടാകും. ഹരിതമിത്രം സ്മാർട് ഗാർബേജ് ആപ്പ് പ്രാവർത്തികമായതോടെയാണിത്. വീടുകളിലും സ്ഥാപനങ്ങളിലും ക്യൂ.ആർ.കോഡ് പതിപ്പിച്ചുള്ള വിവരശേഖരണത്തിനായാണ് ഗാർബേജ് ആപ്പ്. യൂസർഫീ കളക്ഷൻ, മലിന്യനിർമ്മാർജ്ജന വിവരങ്ങൾ,ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ എന്നിവയാണ് ആപ്പ് വഴി നിയന്ത്രിക്കുന്നത്. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നെടുമ്പായിക്കുളം എം.എൻ.യു. പി.എസിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷയായി. അംഗങ്ങളായ ആർ.വിജയപ്രകാശ്, വി.സുഹർബാൻ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജി.ശങ്കരൻകുട്ടി, ബ്ലോക്ക് ജി.ഇ.ഒ ശാന്തകുമാരി, വി.ഇ.ഒ സുഭാഷ്, സ്മിത,സോജു തുടങ്ങിയവർ സംസാരിച്ചു.