കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധിമുക്ക് മിൽക്ക് സൊസൈറ്റിക്ക് സമീപം റോഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുപൊട്ടിയുണ്ടായ കുഴിയും ഗർത്തവും യാത്രക്കാരുടെ നടുവൊടിക്കുന്നു. റോഡിന്റെ സ്ഥിതി പരിതാപകരമായിട്ടും വാട്ടർ അതോറിട്ടി അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ല. നിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. സന്ധ്യമയങ്ങിയാലുണ്ടാകുന്ന വെളിച്ചക്കുറവും വെള്ളക്കെട്ടും ഈ റോഡിലെ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ഓർക്കാപ്പുറത്ത് പൈപ്പുകൾ പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നതോടെ റോഡുകൾ തകരുന്നതു നിത്യ സംഭവമാണ്. കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ വാട്ടർ അതോറിട്ടിയും പൊതു മരാമത്തു വകുപ്പും തയ്യാറാകണമെന്ന് തൃക്കണ്ണമംഗൽ ജനകീയ വേദി ആവശ്യപ്പെട്ടു. സജി ചേരൂർ, ജോൺ ഹാബേൽ, ഇ.സാമുവൽ, അഡ്വ. വെളിയം അജിത്, റെയിഞ്ചർ മധു, സോബിൻ സുസു, ജോ. കൊട്ടാരക്കര എന്നിവർ സംസാരിച്ചു.