കൊല്ലം: നാലുദിവത്തെ തുടർച്ചയായ അവധി ആഘോഷിക്കാൻ സ‌ഞ്ചാരികൾ എത്തിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ തിരക്കേറി. മൺറോത്തുരുത്ത് ഉൾപ്പെട ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളും അടുത്ത നാലു ദിവസത്തേക്ക് ബുക്കിംഗ് പൂർണമായി.

മൺറോത്തുരുത്തിലാണ് ഏറ്റവും കൂടുതൽ തിരക്ക്. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ആളുകൾ കുടുംബമായി യാത്രകളോട് കാണിക്കുന്ന താത്പര്യവും വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. വിദേശ ടൂറിസ്റ്റുകളേക്കാൾ ആഭ്യന്തര ടൂറിസ്റ്റുകളാണ് കൂടുതലായി എത്തുന്നത്.

മൺറോത്തുരുത്തിന് പുറമേ, സാമ്പ്രാണിക്കോടി, തെന്മല, ജടായുപാറ, ശെന്തുരുണി, കുംഭാവുരുട്ടി, മലമേൽ, കുരിയോട്ടുമല, തടങ്ങിയവയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ.

അപകടത്തിൽ ഒരാൾ മരിച്ചതിനെ തുടർന്ന് ബോട്ടുയാത്ര നിരോധിച്ചതോടെ സാമ്പ്രാണിക്കോടിയിലേക്ക് സഞ്ചാരികളെ വിടുന്നില്ല. തെങ്ങും തോപ്പുകൾക്കിടയിലെ ചെറുതോടുകളിലൂടെയും കായലിലൂടെയുമുള്ള വള്ളത്തിലുള്ള യാത്രയാണ് മൺറോത്തുരുത്തിലെ പ്രധാന ആകർഷണീയത. താമസിക്കാൻ ഹോം സ്റ്റേ സൗകര്യങ്ങളുണ്ട്.

തെന്മല ഇക്കോ ടൂറിസം സെന്ററിൽ സാഹസിക സോണിൽ പുതിയ റൈഡുകൾ ഉൾപ്പെടെ ഒരുക്കിയത് സഞ്ചാരകൾക്ക് പ്രിയങ്കരമായി.പിറവന്തൂർ പഞ്ചായത്തിലെ കുര്യോട്ടുമലയിൽ 106 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഫാമിൽ 650 പശുക്കൾ, കൂടാതെ എമുവും ഒട്ടകപക്ഷിയും ആടും കുതിരകളും വളർത്തു മൃഗങ്ങളുമൊക്കെയായി കൗതുക കാഴ്ചകൾ ഏറെയുണ്ട്.
താമസിക്കാൻ ഹട്ടുകളും ഡോർമെറ്റികളും ഒരുക്കിയിട്ടുണ്ട്.

2022ൽ ജില്ലയിലെത്തിയ ടൂറിസ്റ്റുകൾ

വിദേശികൾ - 140

ആഭ്യന്തര ടൂറിസ്റ്റുകൽ - 1,97,350

ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തിയ മാസം - മേയ് - 39,101

2021

വിദേശികൾ - 9

ആഭ്യന്തര ടൂറിസ്റ്റുകൾ - 79,865

ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമയാണ് ജ‌ടായു പാറയിലെ ആകർഷണീയത. പാറയുടെ മുകളിലെത്താൻ റോപ്പ് വേ സൗകര്യവുമുണ്ട്.

ശെന്തുരിണിയിൽ ബോട്ടു യാത്രക്കും ട്രെക്കിംഗിനും സൗകര്യമുണ്ട്.

ടൂറിസം വകുപ്പ് അധികൃതർ