photo
അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ സപ്ലൈകോ മെഡിക്കൽ സ്റ്റോർ

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ സപ്ലൈകോ മെഡിക്കൽ സ്റ്റോർ അടച്ച് പൂട്ടൽ ഭീഷണിയിൽ. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്റെ കെട്ടിടം പൊളിച്ച് മാറ്റേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് കാരണം. കെട്ടിടം എത്രയും വേഗം പൊളിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആശുപത്രിക്ക് ഉള്ളിൽ തന്നെ താത്ക്കാലിക സംവിധാനം ഒരുക്കാൻ കഴിയില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയുടെ വികസനം നടക്കുന്നുണ്ടെങ്കിലും സ്ഥലപരിമിതിയാണ് തടസമാകുന്നത്.

മരുന്നുകളുടെ വില ഉയരും

സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലെ മരുന്നുകളുടെ വില നിലവാരം നിയന്ത്രിക്കുന്നതിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോറിന്റെ പങ്ക് നിർണായകമാണ്. പ്രവർത്തനം താത്ക്കാലികമായെങ്കിലും നിലച്ചാൽ പൊതു വിപണിയിൽ മരുന്നുകളുടെ വില കുതിച്ചുയരുമെന്നാണ് രോഗികൾ ആശങ്കപ്പെടുന്നത്.

സാധാരണ രോഗികൾക്ക് സപ്ളൈകോ 13 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കിഴിവിലാണ് മരുന്നുകൾ നൽകുന്നത്. ബി.പി.എൽ കാർഡുള്ളവർക്ക് എല്ലാ മരുന്നുകൾക്കും 25 ശതമാനം വില കുറച്ചും നൽകും. മരുന്നുകൾ 20 ശതമാനം ലാഭത്തിലാണ് വില്ക്കുന്നത്. എന്നാൽ ഇൻസുലിൽ പോലുള്ള മരുന്നുകൾ വാങ്ങുന്ന വിലയേക്കാൾ കുറച്ചാണ് വില്ക്കുന്നത്.

പ്രതിമാസം 33 ലക്ഷം വരുമാനം

കാൽ നൂറ്റാണ്ട് മുമ്പാണ് താലൂക്ക് ആശുപത്രിയിൽ സപ്ലൈകോ മെഡിക്കൽ സ്റ്റോർ തുടങ്ങിയത്. 24 മണിക്കൂറും മെഡിക്കൽ സ്റ്റോർ പ്രവർത്തിച്ചിരുന്നു. കൊവിഡിന് ശേഷം മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം രാവിലെ 9.30 മുതൽ രാത്രി 7.30 വരെയായി . എന്നിട്ടും പ്രതിമാസം 33 ലക്ഷത്തോളം രൂപയുടെ വിറ്റുവരവുണ്ട്.


സപ്ലൈകോ മെഡിക്കൽ സ്റ്റോർ ആശുപത്രിക്കുള്ളിൽ തന്നെ നില നിറുത്തും. ആശുപത്രിയുടെ പടിഞ്ഞാറ് വശത്ത് താത്ക്കാലിക കെട്ടിടം നിർമ്മിച്ച് അങ്ങോട്ട് മാറ്റേണ്ടി വരും. ഇതിനായി സ്ഥലം നൽകാമെന്ന് നഗരസഭാ കൗൺസിലും ആശുപത്രി വികസന സമിതിയും സപ്ലൈകോ അധികൃതരെ അറിയിച്ചിട്ടുണ്ട്. ആശുപത്രിയിൽ പുതുതായി 8 നില മന്ദിരം നിർമ്മിക്കുമ്പോൾ സപ്ലൈകോ മെഡിക്കൽ സ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് മാറ്റും.

കോട്ടയിൽ രാജു, നഗരസഭാ ചെയർമാൻ.