തൊടിയൂർ: "സ്വർണം പൊടി പോലും വേണ്ട, കല്യാണ വേളയിൽ അശരണരെ കഴിയുന്നത്ര സഹായിക്കണം. അതിനായി അനാവശ്യചെലവുകളും ആർഭാടങ്ങളും ഒഴിവാക്കണം. സഹായം അർഹിക്കുന്നവരെ നേരിൽ കണ്ട് സഹായിക്കണം." ലക്ഷ്മീ ഹീരൻ എന്ന കല്യാണപ്പെണ്ണിന്റെ വിവാഹ സ്വപ്നം അതായിരുന്നു. തൊടിയൂർ കല്ലേലിഭാഗം തുരുത്തേൽ ഹീരൻലാലിന്റെയും രാജിയുടെയും മകൾ ലക്ഷ്മീ ഹീരൻ വിവാഹവേദിയിൽ എത്തിയപ്പോൾ ആ സ്വപ്നം സഫലമാക്കുകയും ചെയ്തു. 2000 രൂപ വീതം
60 കിടപ്പു രോഗികൾക്ക് നൽകുന്നതായിരുന്നു ആദ്യ നടപടി. രണ്ടാമതായി കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന അനാഥാലയത്തിലെ അന്തേവാസികൾക്ക് വിവാഹ ദിവസം സദ്യ ഒരുക്കി നൽകുന്നതിനുള്ള പണം വിവാഹത്തിന് മുന്നേ എത്തിച്ചുനൽകി.
വധുവിന്റെ ഈ ആഗ്രഹങ്ങൾ നടപ്പാക്കുന്നതിന് വരനും രക്ഷകർത്താക്കളും പിന്തുണയും പ്രോത്സാഹനവും നൽകി. സി.പി.എം നേതാവും ആലപ്പാട് മുൻ പഞ്ചായത്ത് പ്രസിഡന്റും മത്സ്യഫെഡ് ഡയറക്ടർ ബോർഡ് അംഗവുമായ ആലപ്പാട് ഒറ്റത്തെങ്ങിൽ ജി.രാജദാസിന്റെയും എസ്.തങ്കത്തിന്റെയും മകൻ അനന്തുവാണ് ലക്ഷ്മിയുടെ ജീവിത പങ്കാളി. വിവാഹ വസ്ത്രങ്ങൾ അണിയാതെ സാധാരണ വസ്ത്രങ്ങൾ ധരിച്ച്, മുഹൂർത്തം നോക്കാതെ വേദിയിലെത്തിയ വധൂവരന്മാർ ഇരുവരുടെയും പിതാക്കൾ എടുത്തു നൽകിയ പുഷ്പഹാരം പരസ്പരം അണിയിച്ചതോടെ വിവാഹച്ചടങ്ങുകൾക്ക് സമാപനമായി.
ഇന്നലെ ഉച്ചയ്ക്ക് ഇടക്കുളങ്ങര രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരുൾപ്പടെ നിരവധി പേർ പങ്കെടുത്തു. അതിഥികൾക്കായി സദ്യ ഒരുക്കിയിരുന്നു.