ചാത്തന്നൂർ: വിജയദശമി ദിനമായ ഒക്ടോബർ 5ന് കൊടിമൂട്ടിൽ ദേവീസന്നിധിയിൽ അഞ്ഞുറിലധികം കുട്ടികൾ ആദ്യക്ഷരം കുറിക്കും. രാവിലെ 6ന് സരസ്വതി പൂജയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.
പ്രശസ്ത ആയുർവേദ ഡോക്ടർമാർ ക്ഷേത്രത്തിൽ തയ്യാറാക്കി നവരാത്രി കാലത്ത് പ്രഥമ മുതൽ നവമി വരെ സാരസ്വത മന്ത്രത്താൽ പൂജിച്ച സാരസ്വതഘൃതം പൂജയെടുപ്പിനോടനുബന്ധിച്ച് വിതരണം ചെയ്യും. മുൻ കൊട്ടാരക്കര എം.എൽ.എ ഐഷ പോറ്റി, പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനും ജി.എസ്.എൽ.വി മാർക്ക് 3 പ്രോജക്ട് ഡയറക്ടറുമായ ഡോ.ജെ.ജയപ്രകാശ്, മെഡിക്കൽ സൂപ്രണ്ടും അസി. ഡയറക്ടറുമായ ഡോ.ആർ.പ്രഭുദാസ്, കവിയും പത്രപ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു, രാഷ്ട്രപതി പുരസ്കാര ജേതാവ് പത്മാലയം ആർ.രാധാകൃഷ്ണൻ, ഗവ. മെഡിക്കൽ ഓഫീസർ ഡോ.പി.എൽ. സാബു, ഗവ. അസി. സർജൻ ഡോ. അഞ്ജന ദേവി, ഡെപ്യൂട്ടി തഹസീൽദാർ കെ.ജി.സുരേഷ് കുമാർ, ഡോ.ജോൺസൺ കരൂർ, ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ, ഡോ. ഹേനാലാൽ, എൻ.രാജൻനായർ, ഷീല മധു, രാജൻ നികുഞ്ചിതം എന്നിവർ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും. സംഗീത - നൃത്ത പഠനങ്ങളുടെ വിദ്യാരംഭവും ഉണ്ടായിരിക്കും. ഉന്നത വിജയം നേടിയ പ്രതിഭകളെ സരസ്വതി മണ്ഡപത്തിൽ ക്ഷേത്രത്തിന്റെ ഉപഹാരങ്ങൾ നൽകി അനുമോദിക്കും.