mp

കൊല്ലം: കൗമാരപ്രായക്കാർക്കിടയിലും പ്രത്യേകിച്ച് കാമ്പസുകളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ സ്വാധീനം നേരിടാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറ‌ഞ്ഞു.

ഐ.സി.എസ്.ഇ, ഐ.എസ്.സി സോൺ ‘എ’ അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്കൂളുകളിലെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും എം.പി അഭിപ്രായപ്പെട്ടു.
മേയർ പ്രസന്ന ഏണസ്റ്റ് ആദ്ധ്യക്ഷയായി. ലഹരിവസ്തുക്കൾക്കെതിരെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം വേണമെന്ന് മേയർ പറഞ്ഞു. അത് ലറ്റിക് മീറ്റിന് ‌ആതിഥേയത്വം വഹിക്കുന്ന തങ്കശേരി ഇൻഫന്റ് ജീസസ് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആന്റണി, വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരായ ഫാദർ ജാക്സൻ, ഫാദർ ജോണി, ഉഷ സുനിതാമേരി, സിസ്റ്റർ നോർമ, ജോയി.എം.വർഗീസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നാനൂറ് അത്‌ലറ്റുകളാണ് കൊല്ലം ലാൽ ബഹദൂർ സ്‌റ്റേഡിയത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്.