karuvannurbank

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ ചിലർ തട്ടിപ്പുപണം ഉപയോഗിച്ച് വിദേശത്ത് നിക്ഷേപം നടത്തിയതായി സൂചന. ഇതിനായി കടത്തിയെന്ന് പറയുന്ന പണത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) രേഖകൾ ലഭിച്ചെന്ന് വിവരം.

തട്ടിച്ചുണ്ടാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പ്രതികളിൽ ചിലരുടെ വിദേശ സന്ദർശനത്തെക്കുറിച്ചും വിദേശത്തുള്ള ബന്ധുക്കളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. തെളിവെടുപ്പിന്റെ ഭാഗമായി ബാങ്ക് ജീവനക്കാരെ വൈകാതെ ചോദ്യം ചെയ്യും. പണം കടത്തിയെന്ന് സംശയിക്കപ്പെടുന്നവരുടെ കോടികളുടെ വായ്പാകുടിശികയെ കുറിച്ചും വിവരങ്ങൾ ആരായും.

വ്യാജ വായ്പകളായതിനാൽ കൃത്യമായ വിവരം ലഭിക്കാനിടയില്ല. പ്രതികളിൽ ഒരാളായ കിരണുമായി ചേർന്നാണത്രേ ചിലർ വിദേശത്ത് വ്യവസായം തുടങ്ങിയത്. ജാമ്യത്തിലിറങ്ങിയ കിരൺ വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇതേത്തുടർന്ന് രണ്ട് തവണയെത്തിയിട്ടും ഇ.ഡി സംഘത്തിന് കിരണിന്റെ വീട് പരിശോധിക്കാനായില്ല. ബാങ്കിന് കീഴിലുള്ള റബ്‌കോ ഏജൻസിയിലെ കമ്മിഷൻ ഏജന്റ് ബിജോയ്, മുൻ ബ്രാഞ്ച് മാനേജർ ബിജു, ഇടനിലക്കാരനുമായ കിരൺ എന്നിവരുടെ വിദേശസന്ദർശനം സംബന്ധിച്ച് ഇ.ഡിക്ക് തെളിവ് ലഭിച്ചതായാണ് വിവരം.

രണ്ട് തവണ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത ആയിരത്തോളം രേഖകളിൽ നിന്ന് കുടിശികക്കാരുടെ വിവരം ലഭിച്ചിട്ടുണ്ട്. ബിജോയ് 22, ബിജോയ് 24.6, കിരൺ 31.22 കോടി അടയ്ക്കാനുണ്ട്. വസ്തുവിന്റെ മൂല്യം ഉയർത്തിക്കാട്ടി എട്ട് ആധാരങ്ങളിലായി എടുത്ത 52 വായ്പകളിൽ കിരണിന് പങ്കുണ്ട്. കൃത്രിമം നടത്താൻ ബാങ്കുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഗൂഢ സംഘാംഗമാണ് കിരണെന്ന് സഹകരണ വകുപ്പ് അന്വേഷണസമിതി കണ്ടെത്തിയിരുന്നു. വ്യാജവായ്പയിലൂടെ കിരണിന്റെ അക്കൗണ്ടിലേക്ക് മാത്രം മാറ്റിയ തുക 13.5 കോടിയാണ്.

30 കോടിയുടെ അസാധുനോട്ടുകൾ മാറ്റി

നോട്ടുനിരോധനത്തെ തുടർന്ന് 30 കോടിയുടെ അസാധുനോട്ടുകൾ കരുവന്നൂർ ബാങ്കിൽ നിന്ന് മാറ്റിയെടുത്തെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുമായുള്ള കിരണിന്റെ ബന്ധവും അന്വേഷിക്കും. കൊള്ളപ്പലിശയ്ക്ക് പണം നൽകുന്ന വ്യക്തി ഈടായി വാങ്ങുന്ന സ്ഥലരേഖകൾ കിരൺവഴി ബാങ്കിൽ വച്ച് കോടികൾ തട്ടിയതായും വിവരമുണ്ട്. ഇങ്ങനെ സമ്പാദിച്ച പണം കൈവശമുള്ളപ്പോഴായിരുന്നു നോട്ട്‌നിരോധനം.