ചാലക്കുടി: ഇസ്രായേലിൽ നടന്ന കുറി തട്ടിപ്പ് സംബന്ധിച്ച പരാതിയിൽ എന്തു ചെയ്യണമെന്നറിയാതെ ചാലക്കുടി പൊലീസ്. കുറി നടത്തിയതും പരാതിക്കാർ പണം അടച്ചതിനും രേഖയില്ലാത്തതാണ് തലവേദന സൃഷ്ടിക്കുന്നത്. മറ്റൊരു രാജ്യത്ത് നടന്ന കുറ്റകൃത്യമായതിനാൽ നിലവിൽ അന്വേഷണത്തിന് ഏറെ കടമ്പകളുണ്ട്.

കുറി നടത്താനും ചേരാനും ഇസ്രയേലിൽ അനുമതിയില്ലെന്നതാണ് മറ്റൊരു കാര്യം. ഇതിനാൽ ഔദ്യോഗികമായി അവിടെ നിന്നും രേഖ കിട്ടുന്നതിനും സാദ്ധ്യതയില്ല. ഓൺ ലൈനിൽ നടന്ന കുറി ഇടപാടുകളുടെ രേഖ ഹാജരാക്കാമെന്നാണ് പരാതിക്കാർ ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷിനെ അറിയിച്ചിരിക്കുന്നത്. ഇതുമായി എങ്ങനെ അന്വേഷണം നടത്തുമെന്ന കാര്യത്തിലും പൊലീസിന് വ്യക്തതയില്ല.

പ്രതിയായ പരിയാരത്തെ ലിജോ ജോർജിനെ കണ്ടെത്തിയാൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂവെന്നാണ് പൊലീസിന്റെ പക്ഷം. ഇസ്രയേലിൽ നിന്നും കടന്ന ഇയാൾ എവിടെയാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. പൂട്ടിക്കിടക്കുന്ന പരിയാരത്തെ വീട് പൊലീസ് നിരീക്ഷണത്തിലാണ്. കൂട്ടാളിയായ കണ്ണൂർ സ്വദേശിനിയുടെ വീട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

വിവിധ ജില്ലകളിൽ നിന്നുള്ള നാൽപ്പതോളം പേരാണ് ഇതിനകം ചാലക്കുടി ഡിവൈ.എസ്.പിക്ക് പരാതി നൽകിയത്. ഇനിയും പരാതിക്കാർ എത്തുമെന്നാണ് സൂചന.