ചാലക്കുടി: ദേശീയ പാതയിൽ പോട്ട ആശ്രമം ജംഗ്ഷനിൽ ഓണത്തിന് പൊടിയുടെ പൂരം. ഹൈക്കോടതി വിധിപ്രകാരം ശേീയപാതയിൽ കരാറുകാർ അടച്ച കുഴികൾ വീണ്ടും പൊളിഞ്ഞു തുടങ്ങിയതാണ് പരിസരത്ത് പൊടിപൂരം സൃഷ്ടിക്കുന്നത്.
കുഴികൾ അടയ്ക്കുമ്പോൾ നിലവാരം കുറഞ്ഞ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചതായി അന്നേ ആരോപണം ഉയർന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ.
തുടർച്ചയായ മഴയിൽ മേൽത്തട്ടിൽ ഇട്ടിരുന്ന ഗ്രാവലെല്ലാം പൊളിഞ്ഞു നീങ്ങി. ഇവ റോഡരികിലേക്ക് ഒഴുകിയെത്തിയിട്ടുമുണ്ട്. വെയിലുള്ള സമയങ്ങളിൽ ഇതിന്റെ പൊടി പരിസരത്ത് വ്യാപകമായി ഉയരുകയാണ്. മഴ വിട്ടുനിന്ന വ്യാഴാഴ്ച പകൽ പോട്ട സിഗ്‌നൽ ജംഗ്ഷൻ പൊടിയുടെ പിടിയിൽ അമർന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കണ്ണുകാണാൻ കഴിയാത്ത അവസ്ഥയാണ്. ഇതിനിടെ മൂടിയ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ടാറിംഗ് പൊളിയുന്നത് മറ്റിടങ്ങളിലേക്കും വ്യാപിക്കുകയാണ്. മഴയുടെ ശക്തിയിൽ പൊളിയുന്ന ടാറിംഗ് പിന്നീട് വെയിൽ കാണുന്നതോട പൊടിയായി ഉയരുകയും ചെയ്യുന്ന പ്രവണത ഇനി രൂക്ഷമായേക്കും.
പോട്ട സിഗ്‌നൽ ജംഗ്ഷനിൽ മാത്രം ഒതുങ്ങുന്നതല്ല, ഈ പ്രശ്‌നം. അധികം വൈകാതെ എല്ലായിടത്തും ഇതുതന്നെയാകും സ്ഥിതി.