തൃശൂർ: പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവർക്ക് ആരോഗ്യ സംരക്ഷണവും ഒരുക്കി മാതൃകയാവുകയാണ് ചൂണ്ടൽ പഞ്ചായത്ത്. കുന്നംകുളത്തെ പ്രധാന പ്രകൃതി സൗന്ദര്യകേന്ദ്രമായ ചൂണ്ടൽ പാറന്നൂർ ചിറയിലാണ് വിനോദസഞ്ചാരികൾക്കും പ്രദേശ വാസികൾക്കുമായി പഞ്ചായത്ത് ഓപ്പൺ ജിം സംവിധാനം ഒരുക്കുന്നത്.

പഞ്ചായത്തിലെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 7.28 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. വ്യായാമത്തിനെത്തുന്നവർക്ക് ഇരിപ്പിടങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രഭാതസവാരിക്ക് എത്തുന്നവർക്കും പദ്ധതി പ്രയോജനപ്പെടും. തദ്ദേശടൂറിസം പദ്ധതിയിലെ ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെട്ട പ്രദേശം കൂടിയാണിത്. തികച്ചും സൗജന്യമായി ജിം സംവിധാനം നിത്യവും ഉപയോഗിക്കാം. ചിറയുടെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളും പരോഗമിക്കുന്നുണ്ട്.

ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ആറിന് വൈകിട്ട് 4.30ന് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനിൽ അദ്ധ്യക്ഷയാകും. കലാമണ്ഡലം നിർവാഹക സമിതി അംഗം ടി.കെ. വാസു, ബ്ലോക്ക് പ്രസിഡന്റ് ആൻസി വില്യംസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, വാർഡ് മെമ്പർ ജൂലറ്റ് വിനു എന്നിവർ പങ്കെടുക്കും.

പ്രകൃതി സൗന്ദര്യം ആശ്വസിക്കുന്നതോടൊപ്പം ശുദ്ധവായു ശ്വസിച്ച് പുഷ് അപ് ബഞ്ചിലും ഹിപ്പ് ഷേപ്പറിലുമൊക്കെ വ്യായാമം ചെയ്യാൻ ഓപ്പൺ ജിംനേഷ്യം ഉപകാരപ്രദമാകും. ജീവിതശൈലീരോഗങ്ങൾക്ക് തടയാൻ പദ്ധതി പ്രയോജനപ്പെടും.

- രേഖ സുനിൽ, പഞ്ചായത്ത് പ്രസിഡന്റ്

സജ്ജീകരിച്ച വ്യായാമ ഉപകരണങ്ങൾ