vyaparikalമെഡിക്കൽ ഷോപ്പിന് മുമ്പിൽ കൂട്ടിയിട്ടിരിക്കുന്ന കരിങ്കലുകൾ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എൻ.ആർ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കൾ നീക്കം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കുടിയൊഴിപ്പിക്കാൻ സ്ഥാപനത്തിന്റെ മുന്നിൽ കരിങ്കല്ല് ഇറക്കി വഴി തടസപ്പെടുത്തുകയും സ്ഥാപനത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധവുമായി കൊടുങ്ങല്ലൂർ മർച്ചന്റ്‌സ് അസോസിയേഷൻ രംഗത്ത്. ചന്തപ്പുരയിൽ പ്രവർത്തിക്കുന്ന ആർ.ആർ മെഡിക്കൽസ് എന്ന സ്ഥാപനത്തിനു നേരെയാണ് കെട്ടിട ഉടമ വഴി തടസപ്പെടുത്തിയും വൈദ്യുതി ഫ്യൂസ് ഊരി മാറ്റിയും പ്രവർത്തനം തടസപ്പെടുത്തിയത്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരത്തിന് കെട്ടിട ഉടമ തയ്യാറായില്ല. ഇതിനെ തുടർന്ന് മർച്ചന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ പ്രതിഷേധവുമായെത്തി സ്ഥാപനത്തിന്റെ മുമ്പിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ല് ജെ.സി.ബി ഉപയോഗിച്ച് മാറ്റുകയായിരുന്നു. കെട്ടിട ഉടമയും വാടകക്കാരനും തമ്മിൽ നിലവിൽ കേസ് നിലനിൽക്കുന്നുണ്ടെന്ന് പറയുന്നു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കെട്ടിട ഉടമയും സ്ഥാപന ഉടമയും മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും സംയുക്തമായി ചേർന്ന യോഗത്തിൽ തടസം കിടക്കുന്ന കല്ലുകൾ മാറ്റുവാനും വൈദ്യുതി പുനസ്ഥാപിക്കുവാനും തീരുമാനിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴഞ്ഞിട്ടും തീരുമാനം കെട്ടിട ഉടമ നടപ്പാക്കിയില്ലെന്ന് മർച്ചന്റ്‌സ് അസോസിയേഷൻ നേതാക്കൾ ആരോപിച്ചു. വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ സംരക്ഷണം നൽകുമെന്ന് മർച്ചന്റ് അസോസിയേഷൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എൻ.ആർ. വിനോദ്കുമാർ, ടി.കെ. ഷാജി, കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, രാജീവ് പിള്ള, അജിത്ത് കുമാർ, പി.ആർ. അനീഷ്, എം.എസ്. സാജു, പി.ആർ. ബാബു, സി.സി. അനിത, സിനി സെൽവരാജ്, വിനോദ് കുമാർ എന്നിവർ സംസാരിച്ചു.