building
ചാലക്കുടി ഗവ.ഗേൾസ് സ്കൂൾ കോമ്പൗണ്ടിലെ ഹോസ്റ്റൽ കെട്ടിടം.

ചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷം പിന്നുടുമ്പോഴും തുറന്നു പ്രവർത്തിക്കാൻ കഴിയാതെ ഗവ. ഗേൾസ് ഹൈസ്‌കുൾ കോമ്പൗണ്ടിലെ ഹോസ്റ്റൽ കെട്ടിടം. വിദ്യാർത്ഥിനികളുടെ താമസത്തിനായി 3.67 കോടി രൂപ ചെലവിലാണ് സമഗ്രശിക്ഷാ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ് കെട്ടിടം നിർമ്മിച്ചത്.

എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി നിർമ്മിച്ച കെട്ടിടം ഇന്നും തുറക്കാത്തതിന് മുടന്തൻ ന്യായങ്ങളാണ് അധികൃതർ ഉന്നയിക്കുന്നത്. ജനറൽ വിഭാഗം, പട്ടിക വർഗ വിഭാഗം എന്നിവർക്കാണ് ഇവിടെ താമസം അനുവദിക്കൂ. ഭക്ഷണം, ട്യൂഷൻ, ചികിത്സ, വസ്ത്രം എന്നിവ സൗജന്യമായി നൽകുന്നതാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ സംരംഭമാണ് ചാലക്കുടിയിലേത്.

ചാലക്കുടി മേഖലയിലെ സാധാരണക്കാരുടെയും നിർദ്ധനരുടെയും മക്കൾക്ക് പ്രയോജനമാകേണ്ട ഹോസ്റ്റൽ തുറന്നുകൊടുക്കാത്തതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നിരാശയിലാണ്. ഹോസ്റ്റലിലേക്ക് ആവശ്യമായ വാർഡൻ മുതലുള്ള ജീവനക്കാരെ നിയമിക്കാത്തതാണ് ഇപ്പോഴും അടച്ചുകിടക്കുന്നതിന് കാരണം.

ഹോസ്റ്റൽ അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരായ വി.ജെ. ജോജി, ടി.ഡി. എലിസബത്ത് എന്നിവർക്ക് ചേർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.