വെള്ളാങ്ങല്ലൂർ: വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയർ കാർഷികരംഗത്ത് വലിയ മാറ്റങ്ങൾക്കു തുടക്കം കുറിക്കുകയാണ്. വിളകളുടെ രോഗനിർണയം, കീടങ്ങളുടെ സാന്നിദ്ധ്യം, വിത്തുകളുടെ ഗുണനിലവാരം മുതലായവ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരിശോധിക്കാം.

സർക്കാരിന്റെ യൂത്ത് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിൽ മികച്ച ആശയങ്ങളിൽ ഒന്നായി ഈ സോഫ്റ്റ്‌വെയർ തിരഞ്ഞെടുത്തു. സംസ്ഥാന തലത്തിൽ നടത്തിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എക്‌സ്‌പോയിൽ ചർച്ച ചെയ്യപ്പെട്ടതും ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും ഈ സോഫ്റ്റ്‌വെയർ ആണ്.

കോളേജ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് വകുപ്പ് മേധാവി ഡോ. ആർ. ശ്രീരാജിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അഖിൽകുമാർ, ജയ്ഫർ, പ്രയാഗ്‌ദേവ്, വിഷ്ണുമുരളി എന്നിവരാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുത്തത്.