
തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന ആയിരങ്ങൾക്ക് ആശ്വാസമായി 26.42 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രവൃത്തിപഥത്തിലേക്ക്. സാമൂഹികദ്രോഹികളുടെ ശല്യം അടക്കം നിരവധി പ്രശ്‌നങ്ങൾക്ക് തടയിടാൻ സാധിക്കുന്ന കാമറാ സംവിധാനം, കുട്ടികളുടെ ഐ.സി.യുവും അനുബന്ധ സൗകര്യങ്ങൾ, ലിക്വിഡ് ഓക്‌സിജൻ പ്ലാന്റ്, നൈൽസ് ട്രെയിംനിംഗ് സെന്റർ, പുതിയ പി.ജി.ഹോസ്റ്റൽ, ആധുനികമായ എസ്.എൻ.സി.യു വിഭാഗം, സെൻട്രൽ ബയോമെഡിക്കൽ പ്ലാന്റ്, കൂടെ പദ്ധതി തുടങ്ങി വിവിധ പദ്ധതികളുടെ പൂർത്തീകരണവും നിർമ്മാണോദ്ഘാടനവുമാണ് നാളെ നടക്കുക. കുട്ടികളുടെ ഐ.സി.യുവിന് 89.35 ലക്ഷം, ലിക്വിഡ് ഓക്‌സിജൻ പ്ലാന്റിന് 4.4 ലക്ഷം,
നവജാത ശിശു ഐ.സി.യുവിന് 4.4 ലക്ഷം, നൈൽസ് ട്രെയിനിംഗ് സെന്ററിന് 1.86 കോടി എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്. ഉദ്ഘാടനം നാളെ രാവിലെ 11 ന് മെഡിക്കൽ കോളേജ് അലുമ്‌നി ഹാളിൽ മന്ത്രി വീണ ജോർജ്ജ് നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, അഡ്വ.കെ.രാജൻ, ആർ.ബിന്ദു, മുഹമ്മദ് റിയാസ്, രമ്യ ഹരിദാസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി.കുമാർ എന്നിവർ പങ്കെടുക്കുമെന്ന് പ്രിൻസിപ്പൽ ഡോ.ബി.ഷീബ പറഞ്ഞു.
ജലരേഖയായി അമ്മയും കുഞ്ഞും ആശുപത്രി
ഉദ്ഘാടന മഹാമഹങ്ങൾക്കിടെ ഭരണാനുമതി ലഭിച്ച 500 കോടിയിലേറെ രൂപയുടെ പദ്ധതികൾ ഇപ്പോഴും ഫയലിലാണെന്ന ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതികളാണ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും അമ്മയും കുഞ്ഞും ബ്ലോക്കുകൾ. സൂപ്പർ സ്‌പെഷ്യാലിറ്റിക്ക് 272 കോടിയാണ് ഭരണാനുമതി ലഭിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചറാണ് അമ്മയും കുഞ്ഞും ആശുപത്രി നിയമസഭയിൽ പ്രഖ്യാപിച്ചത്. ഇതിന് തറക്കല്ലിടാൻ പോലും രണ്ട് വർഷമായിട്ടും സാധിച്ചിട്ടില്ല. 2016 ൽ പണി തുടങ്ങി വർഷങ്ങൾക്ക് മുമ്പ് 90 ശതമാനം നിർമ്മാണം പൂർത്തിയാക്കിയ ട്രോമ കെയർ പോലും ഇതുവരെ തുറന്ന് കൊടുക്കാനായിട്ടില്ല.
ഉദ്ഘാടനം ചെയ്യുന്ന മറ്റ് പദ്ധതികൾ
കാമ്പസ് സി.സി.ടി.വി 1.10 കോടി
പുതിയ പി.ജി.ഹോസ്റ്റൽ 13.2 കോടി
ഇ- സഞ്ജീവനി ഹബ് 15 ലക്ഷം
സെൻട്രൽ ബയോലാബ് 60 ലക്ഷം
എംബാമിംഗ്, ഡിഡക്ഷൻ ഹാൾ 37 ലക്ഷം
പാരാമെഡിക്കൽ കെട്ടിടം നിർമ്മാണോദ്ഘാടനം 2 കോടി
ഹൗസ് സർജൻസ് ക്വാർട്ടേഴ്‌സ് 40 ലക്ഷം