പേ വിഷബാധക്കെതിരെ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നു
നായ്ക്കളെ വളർത്തുന്നവർ ലൈസൻസ് എടുക്കണം
കൊടുങ്ങല്ലൂർ: തെരുവുനായ്ക്കളുടെ ഉപദ്രവം വർദ്ധിച്ച സാഹചര്യത്തിൽ പേ വിഷബാധ ചെറുക്കാൻ സർക്കാർ നടപടിക്കൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നഗരസഭാ പ്രദേശത്ത് പേവിഷ ബാധക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുന്നതിന് ക്യാമ്പുകൾ സംഘടിപ്പിക്കും. നായ്ക്കളെ വളർത്തുന്ന ഉടമസ്ഥർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ക്യാമ്പുകളിൽ എത്തിച്ചേർന്ന് നായ്ക്കൾക്ക് കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കി. കുത്തിവയ്പ്പ് സൗജന്യമാണ്. തുടർന്ന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകും. നായ്ക്കളെ വളർത്തുന്നവർ നഗരസഭയിൽ നിന്ന് നിർബന്ധമായും ലൈസൻസ് എടുക്കണമെന്നും ലൈസൻസ് ലഭിക്കുന്നതിന് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നഗരസഭ സെക്രട്ടറി ഇൻ ചാർജ് കെ.സി. ബിന്ദു, സീനിയർ വെറ്ററിനറി സർജൻ ഡോ. എൻ.കെ. സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
ക്യാമ്പുകൾ ഇങ്ങനെ
6ന് ചൊവ്വാഴ്ച 8, 12, 13 വാർഡുകളിലുള്ളവർക്ക് കെ.കെ. ടി.എം കോളേജിലും അന്നുതന്നെ ടൗൺ എൽ പി സ്‌കൂളിൽ 3, 4 വാർഡുകളിലുള്ളവർക്കും ക്യാമ്പ് ഉണ്ടാകും. 10ന് ശനിയാഴ്ച 22, 23, 24, 25 ക്യാമ്പ് ആനാപ്പുഴ ഗവ. യു.പി സ്‌കൂളിലുണ്ടാകും. 11ന് ഞായറാഴ്ച പുല്ലൂറ്റ് ലേബർ എൽ.പി സ്‌കൂളിൽ 14, 15, 16 വാർഡുകളിലുള്ളവർക്കും അന്നതന്നെ 27, 28, 29 വാർഡുകൾ മേത്തല ഗവ. യു.പി സ്‌കൂളിലും, 36, 37, 38 വാർഡുകൾ മേത്തല ബാലാനു ബോധിനി സ്‌കൂളിലും ക്യാമ്പുകൾ നടക്കും. 12ന് തിങ്കളാഴ്ച 1, 2, 44 വാർഡുകളുടെ ക്യാമ്പ് അറക്കത്താഴം വെറ്ററിനറി സബ് സെന്ററിലും, അന്നുതന്നെ 9, 10, 11 വാർഡുകൾ നാരായണമംഗലം വെറ്ററിനറി ഡിസ്‌പെൻസറിയിലും നടക്കും. 13ന് മുസ്‌രിസ് ബസ് സ്റ്റാൻഡിൽ 17, 18 വാർഡുകളും അന്നു തന്നെ 26-ാം വാർഡ് വി.പി. തുരുത്തിലും ക്യാമ്പ് ഉണ്ടാകും. 14ന് ബുധനാഴ്ച 30, 31, 32 വാർഡുകൾ മേത്തല ശ്രീനാരായണ സമാജം, 15ന് വ്യാഴം 33, 34 വാർഡുകൾ ടി.കെ.എസ് പുരം വി.ബി.എസ് ഹാൾ, 16ന് വെള്ളിയാഴ്ച 35, 39, 40, 41 വാർഡുകൾ മേത്തല കമ്മ്യൂണിറ്റി ഹാൾ, 17ന് ശനിയാഴ്ച 42,43 വാർഡുകൾ എൻ.എസ്.എസ് ഹാളിലും ക്യാമ്പുകൾ ഉണ്ടാകും.