തൃശൂർ : ദേശീയ അദ്ധ്യാപക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ മന്ത്രി കെ. രാജൻ നിർവഹിക്കും. കേരള സംഗീതനാടക അക്കാഡമി ഹാളിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. ടി.എൻ. പ്രതാപൻ എം.പി അദ്ധ്യാപകദിന സന്ദേശം നൽകും. മേയർ എം.കെ. വർഗീസ്, ജില്ലാ കളക്ടർ ഹരിത വി.കുമാർ എന്നിവർ മുഖ്യാതിഥികളാകും.
കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ ഡോ. സി.പി. ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തും. മുതിർന്ന വിദ്യാഭ്യാസ പ്രവർത്തകൻ പി. ചിത്രൻ നമ്പൂതിരിപ്പാടിനെയും കഴിഞ്ഞ വർഷം ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ അദ്ധ്യാപകരെയും ചടങ്ങിൽ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വിദ്യാഭ്യാസ കായികകാര്യ സ്ഥിരംസമിതി ചെയർമാൻ എൻ.എ. ഗോപകുമാർ, വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ.വി. വല്ലഭൻ എന്നിവർ പങ്കെടുക്കും.