ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തെ ബന്ധിപ്പിക്കുന്ന ഗർഡറുകൾ മുഴുവനും ഈ മാസം 6 ന് മുൻപ് സ്ഥാപിക്കും. എൻ.കെ. അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. എല്ലാ ഗർഡറുകളും നിർമ്മാണ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മൂന്ന് ഗർഡറുകൾ മാത്രമാണ് സ്ഥാപിക്കാനുള്ളതെന്നും നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ (റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപറേഷൻ ഒഫ് കേരള) യോഗത്തെ അറിയിച്ചു. ഗർഡറുകൾക്ക് മുകളിലുള്ള സ്ലാബ് നിർമ്മാണം ഉടൻ ആരംഭിക്കും. സ്ലാബ് വർക്ക് പൂർത്തീകരിക്കുന്ന മുറക്ക് റീടേയ്‌നിംഗ് വാൾവിന്റെ പ്രവർത്തനം പൂർത്തീകരിക്കും. റെയിൽവേ പാളത്തിനു സമീപമുള്ള പൈലിംഗ് പ്രവൃത്തികൾ ഈ മാസം 12 മുതൽ ആരംഭിക്കും. ഇതിനുള്ള അപ്രൂവൽ ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ലഭ്യമായി. നിർമ്മാണ സ്ഥലത്തെ ഗതാഗതം പൂർണമായും 12 മുതൽ നിരോധിക്കും. റെയിൽവേ പാളത്തിന് മുകൾഭാഗത്തുള്ള സൂപ്പർ സ്‌ട്രെക്ചർ പ്രവൃത്തി ഒഴികെയുള്ള പ്രവൃത്തികൾ ഡിസംബർ 5 നകം പൂർത്തീകരിക്കാനാകും.
സൂപ്പർ സ്ട്രക്ചർ പ്രവൃത്തിക്കുള്ള അനുമതി ലഭ്യമായിട്ടുണ്ടെന്നും പ്രവൃത്തികൾ പൂർണതയിലാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ലക്‌നൗ റെയിൽവേയിലെ വിദഗദ്ധരുടെ പരിശോധന പൂർത്തീകരിക്കുന്നതോടെ റെയിൽവേ പാളത്തിനു മുകൾ ഭാഗത്തെ സൂപ്പർ സ്ട്രക്ച്ചർ സ്ഥാപിക്കൽ പ്രവൃത്തികൾ പൂർത്തീകരിക്കും. പൈലിംഗ് ആരംഭിക്കുന്നതോടെ സെപ്തംബർ 12 മുതൽ റെയിൽവേ ഗേറ്റ് അടച്ചിടും.
സെപ്തംബർ 12 മുതൽ യുജി കേബിൽ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതർ യോഗത്തെ അറിയിച്ചു.
ഗുരുവായൂർ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.കെ. ഷാജി, ജല അതോറിറ്റി ഉദ്യോഗസ്ഥൻ വി.വി. വിജോയ്, ആർ.ബി.ഡി.സി.കെ (പി.ഇ) ഇ.എ. ആഷിദ്, ടെമ്പിൾ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ: സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ: കെ. ഗിരി, എസ്.പി.എൽ ഇൻഫ്രാസ്ട്രക്ചർ മാനേജർ പി. അനൂപ്, ഡെപ്യൂട്ടി മാനേജർ സുരേഷ് ജയരാമൻ, സതേൺ റെയിൽവേ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. അബ്ദുൽ അസീസ്, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ബീന, എം. ബിജി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മറ്റ് യോഗ തീരുമാനങ്ങൾ
മേൽപ്പാല നിർമ്മാണത്തിനാവശ്യമായ മെറ്റീരിയൽ അടിയന്തരമായി ലഭ്യമാക്കാൻ ചാവക്കാട് തഹസിൽദാർക്ക് നിർദ്ദേശം. തിരുവെങ്കിടം സബ്‌വേ നിർമ്മാണം കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷനെ ഏൽപ്പിക്കുന്ന വിഷയം പ്രദേശവാസികളുമായി വിഷയം ചെയ്യുന്നതിനായി സെപ്തംബർ 15ന് യോഗം ചേരും.