mla
കുന്നപ്പിള്ളിയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പച്ചക്കറിക്കൃഷി വിളവെടുപ്പ് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ നിർവഹിക്കുന്നു.

ചാലക്കുടി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ മേലൂർ കുന്നപ്പിള്ളിയിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. തരിശ് കിടന്ന 7 ഏക്കർ ഭൂമിയിലാണ് പയർ, വേണ്ട, പാവലം, ചീര, തക്കാളി, പടവലം എന്നിവയുടെ നൂറമേനി വിളവെടുപ്പ്. പദ്ധതിക്ക് മേലൂർ പഞ്ചായത്ത്, കൃഷിഭവൻ, സർവീസ് സഹകരണ ബാങ്ക്, തൊഴിലുറപ്പ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ കൈത്താങ്ങായി. തരിശ് ഭൂമിയുടെ അനുകൂല്യങ്ങളും മേലൂർ സഹകരണ ബാങ്കിന്റെ പലിശ രഹിത വായ്പകളും കൃഷിക്ക് ലഭ്യമായി. വാർഡിലെ വികസന സമിതിയും തൊഴിലുറപ്പ് തൊഴിലാളികളും കൃഷിത്തോട്ടം പരിപാലിച്ചു. ആലക്കപ്പിള്ളി കണക്കശ്ശേരി രാധാകൃഷ്ണന്റെ ഭൂമിയിൽ ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, മേലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ. കൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര പ്രകാശൻ, പഞ്ചായത്തംഗം പി. ആർ. ബിബിൻരാജ്, കൃഷി ഓഫിസർ ദീപ ജോണി എന്നിവർ സംസാരിച്ചു.