 
തൃശൂർ: കൊവിഡും പ്രളയവും കവർന്ന രണ്ടുവർഷത്തിന് ശേഷം വന്നെത്തിയ ഓണാഘോഷം വർണാഭമാക്കുമെന്നും ജില്ലാതല ഓണാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും റവന്യൂമന്ത്രി കെ. രാജൻ. ഡി.ടി.പി.സി, ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം, തൃശൂർ കോർപറേഷൻ എന്നിവ സംയുക്തമായി 7 മുതൽ 11 വരെ തേക്കിൻകാട് മൈതാനിയിലാണ് ആഘോഷം.
ജില്ലാ ആഘോഷത്തിന് പുറമേ പ്രാദേശികമായും ആഘോഷങ്ങളുണ്ട്. വിവിധ ഇടങ്ങളിൽ ജലോത്സവങ്ങളും നടക്കും. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും പുലിക്കളിയും സംഘടിപ്പിക്കുന്നതിനോടൊപ്പം പ്രധാന വേദിയായ തേക്കിൻകാടും പരിസരപ്രദേശങ്ങളും ദീപങ്ങളാൽ അലങ്കരിക്കും.
പീച്ചി, ചാവക്കാട്, കലശമല, വാഴാനി, തുമ്പൂർമൂഴി, സ്‌നേഹതീരം ബീച്ച് തുടങ്ങിയ ആറ് ടൂറിസം കേന്ദ്രങ്ങളിൽ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ആഘോഷമുണ്ടാകും. ഓരോ കേന്ദ്രത്തിലും കലാ സാംസ്‌കാരിക, വിനോദ, സംഗീത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ടന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, ഇ.ടി. ടൈസൺ മാസ്റ്റർ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ഡി.ടി.പി.സി സെക്രട്ടറി ജോബി ജോർജ് തുടങ്ങിയവരും ഉണ്ടായിരുന്നു.
തേക്കിൻകാട് മൈതാനി (സി.എം.എസ് സ്‌കൂളിന് എതിർവശം)
7ന് വൈകിട്ട് 4.30ന് പഞ്ചവാദ്യം, 5.30ന് ഉദ്ഘാടനം: മന്ത്രി കെ രാജൻ
കലാമണ്ഡലം സംഘം അവതരിപ്പിക്കുന്ന നൃത്തശിൽപ്പം,
നന്ദകിഷോർ അവതരിപ്പിക്കുന്ന വൺമാൻ കോമഡി ഷോ,
ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്ന്
8ന് 5.30ന്: കലാഭവൻ സുധീറും സതീഷും അവതരിപ്പിക്കുന്ന കോമഡി നൈറ്റ്,
7.30ന് റാസ ബീഗം അവതരിപ്പിക്കുന്ന ഗസൽ രാവ്.
9ന് 5.30ന്: കൊച്ചിൻ ഹീറോസിന്റെ മെഗാഷോ,
ജയരാജ് വാര്യരും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ്,
10ന് 5.30ന്: തൈവമക്കൾ അവതരിപ്പിക്കുന്ന നാടൻപാട്ട്,
ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം