 
ചേർപ്പ്: വല്ലച്ചിറ ഓണാഘോഷത്തിന് സ്റ്റേജ് ഇതര കലാ-കായിക പരിപാടികളോടെ തുടക്കമായി. കക്ഷി രാഷ്ട്രീയ ജാതി മതഭേദമന്യേ വല്ലച്ചിറ ഗ്രാമത്തിലെ എല്ലാവരും ഗ്രാമോത്സവത്തിന് ഒറ്റക്കെട്ടായാണ് രംഗത്തിറങ്ങുക. ഓണം ദേശീയോത്സവമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ച 1962 മുതൽ വല്ലച്ചിറയിൽ മുടങ്ങാതെ ഓണാഘോഷം നടത്തുന്നുണ്ട്. പതിനൊന്ന് ക്ലബുകൾ ഇക്കുറി മത്സരരംഗത്തുണ്ട്. രണ്ട് മാസം മുമ്പേ ആരംഭിച്ച മത്സരത്തിൽ അമ്പതിലേറെ ഇനങ്ങളിലായി ആയിരത്തോളം പേർ പങ്കെടുക്കും. ഓട്ടം, ചാട്ടം, വടംവലി, നാടകം, തിരുവാതിരക്കളി, വില്ലടിച്ചാൻ പാട്ട്, ഐവർക്കളി, നന്തുണി പാട്ട്, നാടൻ പാട്ടുകൾ, പുള്ളുവൻ പാട്ട്, മാർഗ്ഗംകളി, കുമ്മാട്ടി, ദാരികൻ തുള്ളൽ, ഓട്ടൻതുള്ളൽ, തിരുവോണ നാളിലെ മാർച്ച് പാസ്റ്റു്, ഘോഷ യാത്ര എന്നിവ മുഖ്യ ആകർഷങ്ങളാണ്. വിജയികളാകുന്ന ക്ലബിന് ഒരാൾ പൊക്കത്തിലുള്ള ട്രോഫിയും കാഷ് അവാർഡുകളും, വ്യക്തിഗത അവാർഡുകളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ്, കമ്മിറ്റി പ്രസിഡന്റ് സിജോ എടപ്പിള്ളി, കൺവീനർ കെ.ജി. ജിബിൻ, തൊമ്മി പിടിയത്ത് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി നാലോണ നാളായ 11ന് സമാപിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ഘോഷയാത്ര, വിവിധ ക്ലബുകളുടെ നിശ്ചല ദൃശ്യങ്ങൾ, മെഗാ തിരുവാതിരക്കളി എന്നിവ അരങ്ങേറി.