 
വരന്തരപ്പിള്ളി:പാലപ്പിള്ളി വനമേഖലയിൽ തോട്ടം തൊഴിലാളികൾക്കും നാട്ടുകാർക്കും ശല്യമായ കാട്ടാനകളെ തുരത്താൻ വയനാട്ടിൽ നിന്ന് കുങ്കിയാനകൾക്കൊപ്പം എത്തിയ റാപ്പിഡ് റെസ്‌പോൺസ് ടീം വോളന്റിയറെ കാട്ടാന ആക്രമിച്ചു. വാരിയെല്ല് ഒടിഞ്ഞ കോഴിക്കോട് മുക്കം കൽപൂർ വീട്ടിൽ ഹുസൈനെ (32) വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാട്ടാനകളെ കണ്ടെത്തി ഉൾവനത്തിലേക്ക് കയറ്റിവിടാനാണ് മുത്തങ്ങ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചത്. ജനവാസമേഖലയോട് ചേർന്ന വനത്തിൽ കുങ്കിയാനകളും ആർ.ആർ.ടി അംഗങ്ങളും പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകരും തെരച്ചിൽ നടത്തി. ഉച്ചകഴിഞ്ഞതോടെ തെരച്ചിൽ മതിയാക്കി കുങ്കിയാനകളെ പാർപ്പിച്ചിരുന്ന പത്തായപ്പാറയിലേക്ക് മടങ്ങി. ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കള്ളായിയിൽ കാട്ടാന ഉണ്ടെന്നറിഞ്ഞ് കുങ്കിയാനകളുമായി എത്തിയപ്പോഴായിരുന്നു ആക്രമണം. ആർ.ആർ.ടി അംഗങ്ങൾ ഓടിരക്ഷപ്പെടാൻ ഒരുങ്ങിയപ്പോഴാണ് ഹുസൈന് തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റത്. തെറിച്ചുവീണ ഹുസൈനെ ആന കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. പിന്നീട് ആന കാലുകൊണ്ട് തട്ടി.
കാട്ടാനയോ, കുങ്കിയാനയോ ?
പാത്തിക്കിരിചിറയിൽ വച്ച് കാട്ടാന ഹുസൈനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് വനപാലകർ പറയുന്നതെങ്കിലും കള്ളായിയിൽ വച്ച് കുങ്കിയാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാരുടെ വാദം.