ചാലക്കുടി: നടുവിൽ ഓലക്കുടയുമായി നിന്ന മാവേലി പാട്ടിനൊപ്പം താളം പിടിച്ചു. പുത്തൻ വസ്ത്രങ്ങളുമായി ഏതാനുംപേർ ചുവടുകൾ വച്ച് ചുറ്റും ഈണത്തിൽ പാടിക്കൊണ്ട് നീങ്ങി. ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ കാഴ്ച കണ്ട് യാത്രക്കാർ അമ്പരന്നു. പരിസരത്തുള്ളവരും ഓടിയെത്തി. കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് യാത്രക്കാരും ജീവനക്കാരും സംഘടിപ്പിച്ച ഓണാഘോഷമായിരുന്നു ഇന്നലെ അരങ്ങേറിയത്. സമരങ്ങളും ഉദ്ഘാടനങ്ങളും മാത്രം കണ്ട ആനവണ്ടി ഡിപ്പോയിലെ ഇത്തരം ചടങ്ങിൽ പങ്കെടുക്കാൻ നാട്ടുകാരുമുണ്ടായി. ഒരു ഘട്ടത്തിൽ നൂറുകണക്കിന് ആളുകളും ആവേശത്തോടെ കൈകൾ കൊട്ടി ഓണക്കളിക്ക് ആവേശം പകർന്നു. ഓണക്കളിക്ക് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയുമുണ്ടായി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെൻട്രൽ സോൺ ഓഫീസർ കെ.ടി. സെബി ചടങ്ങിൽ അദ്ധ്യക്ഷനായി. ടൂറിസം കോ-ഓർഡിനേറ്റർ ഡൊമിനിക്ക് പെരേര, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ നീതാ പോൾ, എ.ഡി.ഇ റഷീദ്, നാടൻപാട്ട് കലാകാരൻ സജീഷ് നിസരി എന്നിവർ സന്നിഹിതരായി.