പുതുക്കാട്: വനമേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുകയും കാർഷിക വിളകൾ നശിപ്പിക്കുകയും കാട്ടാന ആക്രമണത്തിൽ ആളുകൾ മരിക്കുകയും ചെയ്യുന്നത് തുടർക്കഥയാകുമ്പോൾ അടുത്തിടെ മാത്രം വന്യമൃഗശല്യം വർദ്ധിക്കാനിട വന്നതെങ്ങനെ എന്നത് സംബന്ധിച്ച് ശാസ്ത്രീയ പഠനമുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഒരു നൂറ്റാണ്ട് മുമ്പുവരെ കൊടുംവനങ്ങളായിരുന്നിടത്താണ് ഇപ്പോഴത്തെ പല ജനവാസ മേഖലകളും നിലക്കൊള്ളുന്നതെന്ന് പറയപ്പെടുന്നു. ഇന്നത്തെ ആനകളുടെ മുൻതലമുറയിൽപ്പെട്ടവർ യഥേഷ്ടം സൈ്വര്യവിഹാരം നടത്തിയിരുന്ന ഇടങ്ങളാണ് ഇവയെല്ലാം. കാലം മുന്നോട്ടുപോയപ്പോൾ വനത്തോട് ചേർന്ന് റബ്ബർ തോട്ടങ്ങൾ വന്നു. പണ്ട് വഴി ഇല്ലാതിരുന്നിടത്ത് റോഡ് വന്നു. ഇവിടങ്ങളിലെല്ലാം പണ്ട് മുതലേ ധാരാളം ആനത്താരകൾ ഉണ്ട്. ഈ ആനത്താരകളിലേക്കാണ് പണ്ടത്തെപ്പോലെ കാട്ടാനകൾ എത്തുന്നത്.
സ്വകാര്യക്കമ്പനികൾക്ക് റബ്ബർ കൃഷി നടത്താൻ നൂറുകണക്കിന് ഹെക്ടർ വനം വെട്ടി നശിപ്പിച്ചെങ്കിൽ വനം വകുപ്പ് സ്വാഭാവിക വനങ്ങൾ വെട്ടിമാറ്റി തേക്കും കശുമാവും മാഞ്ചിയവും അക്വേഷ്യയും നട്ടുവളർത്തിയതും ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയിലാണ്. ചിമ്മിനി ഡാം റിസർവോയർ കമ്മീഷനായതോടെ വിണ്ടും ആയിരക്കണക്കിന് സ്വാഭാവിക വനം വെള്ളത്തിലായി. ചിമ്മിനി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോവുന്ന സഞ്ചാരികൾക്ക് റോഡിനിരുവശത്തും റോഡിലും ആനകൾ മേയുന്നത് കാണാം. വനത്തിനുള്ളിലൂടെ ദേശീയപാതകളെ വെല്ലുന്ന റോഡ് നിർമ്മാണങ്ങളും മറ്റും വന വിസ്തൃതി കുറയ്ക്കാൻ കാരണമാക്കി. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ തിന്ന് നേരം വെളുക്കുന്നതിന് മുമ്പ് വനത്തിലേക്ക് തിരിച്ചുപോകും. വനത്തോട് ചേർന്നുള്ള റബർ തോട്ടങ്ങളിൽ അടിക്കാടുകൾ വളർന്നത് ആനകൾക്ക് പുതിയ മേച്ചിൽപ്പുറം ആയി. ഫാമിലി പ്ലാനിംഗ് വന്യജീവികൾക്ക് ഇല്ലാത്തതിനാൽ തന്നെ ആനയുൾപ്പടെയുള്ള ജീവികളുടെ എണ്ണവും വർദ്ധിച്ചു. ഇതെല്ലാം കൃത്യമായി വിലയിരുത്തി ജനവാസ മേഖലയിലെ കാട്ടാന ശല്യത്തെപ്പറ്റി സർക്കാർ തലത്തിൽ തന്നെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തണമെന്നാണ് ഉയർന്നുവരുന്ന ആവശ്യം.