 
ഓണച്ചങ്ങാതി എന്ന പരിപാടിയുടെ ബ്ലോക്കുതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.
എറവക്കാട്: കൊടകര ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളിൽ ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന കുട്ടികളുടെ വീടുകളിൽ സംഘടിപ്പിക്കുന്ന ഓണച്ചങ്ങാതി എന്ന പരിപാടിയുടെ ബ്ലോക്കുതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എറവക്കാട് ഒ.എം.എസ് യു.പി. സ്‌കൂളിലെ ആദിത്യൻ എന്ന കുട്ടിയുടെ വീട്ടിലാണ് പരിപാടി നടന്നത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, കൊടകര ബി.പി.സി കെ. നന്ദകുമാർ, സി.ആർ.സി കോ-ഓർഡിനേറ്റർ വി.ആർ. നിഷ, വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, സഹപാഠികൾ, ജനപ്രതിനിധികൾ, ബി.ആർ.സി അംഗങ്ങൾ എന്നിവരുൾപ്പെടുന്ന ചങ്ങാതിക്കൂട്ടം ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ 35 കുട്ടികളുടെ വീടുകളിൽ എത്തും. കുട്ടികൾക്ക് ഓണസമ്മാനങ്ങൾ നൽകി, ഓണപ്പുടവയുടുത്ത് മാവേലിത്തമ്പുരാനും മലയാളി മങ്കമാരും കൂട്ടുകാരും ഓണപ്പൂക്കളമിട്ട് ഓണപ്പാട്ടുകൾ പാടി, ഓണക്കളികളിൽ മുഴുകി കുട്ടിയോടും കുടുംബത്തോടുമൊപ്പം ഓണത്തിന്റെ സന്തോഷം പങ്കുവച്ചു.