കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച അഞ്ചു നില കെട്ടിടം പ്രവർത്തനമാരംഭിച്ചു. അത്യാഹിത വിഭാഗവും ജനറൽ ഒ.പിയും ഇനിമുതൽ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിൽ പ്രവർത്തനമാരംഭിക്കും. ആശുപത്രിയുടെ വടക്കുഭാഗത്തുള്ള കാഷ്വാലിറ്റിയും ഒ.പിയും കൂടുതൽ വിപുലീകരിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് താത്കാലികമായി ഇവ മാറ്റുന്നത്. നവീകരണത്തിനായി 17 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് ഏർപ്പെടുത്തുന്നതിനുള്ള പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൂടി പൂർത്തീകരിച്ചാൽ രോഗികൾ കിടക്കുന്ന വാർഡുകളും പുതിയ സംവിധാനത്തിലേക്ക് മാറ്റും. അത്യാഹിത വിഭാഗവും ഒ.പിയും പുതിയ കെട്ടിടത്തിൽ തുറന്നു കൊടുക്കുന്നതിന്റെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽസി പോൾ, ലത ഉണ്ണിക്കൃഷ്ണൻ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.