കൊരട്ടി: പ്രളയ ദുരിതങ്ങളും കൊവിഡ് നീരാളിപ്പിടുത്തവും മൂലം നട്ടംതിരിഞ്ഞ അശരണർക്ക് താങ്ങും തണലുമായി യുവഗ്രാമം എൻ.ജി.ഒ. ഒട്ടേറെ മാതൃകാ പ്രവർത്തനങ്ങൾ കാഴ്ചവച്ച സംഘടനയുടെ നേതൃത്വത്തിൽ നിർദ്ധനരായ മൂന്നു കുടുംബങ്ങൾക്കായി മൂന്ന് വീടുകളൊരുങ്ങി. താക്കോൽദാനം ബുധനാഴ്ച രാവിലെ 9.30ന് കൊരട്ടി വാലുങ്ങാമുറയിൽ നടക്കും. കുടിൽരഹിത ചാലക്കുടിക്കായി യുവഗ്രാമം ചെയർമാൻ ഡെന്നീസ് കെ.ആന്റണിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്ത ജോഭവൻ പദ്ധതിയാണ് കയറിക്കിടക്കാനൊരിടം എന്ന മൂന്ന് നിരാശ്രയ കുടുംബങ്ങൾക്ക് അത്താണിയാകുന്നത്. സുമനസുകളും സന്നദ്ധ സംഘടനകളും നിർലോഭമായി നൽകിയ സാമ്പത്തിക സഹായമാണ് ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ നിർമാണം പൂർത്തിയാക്കാൻ കാരണമായത്. പി.ഒ.സി ഡയറക്ടർ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി താക്കോൽദാനം നിർവഹിക്കും. യുവഗ്രാമം ചെയർമാൻ ഡെന്നീസ് കെ.ആന്റണി അദ്ധ്യക്ഷനാകും. ഫാ. തോമസ് പൈക്കോട്ട്, ഫാ.സെബാസ്റ്റ്യൻ മാടശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വാർഡ് മെമ്പർ ജിസി പോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുടിൽരഹിത ചാലക്കുടിക്കായുള്ള ജോഭവൻ പദ്ധതി കൂടുതൽ ശക്തമാക്കുമെന്ന് ഡെന്നീസ് കെ.ആന്റണി, യുവഗ്രാമം ഡയറക്ടർമാരായ പി.ബി. രാജു, ഫ്രാൻസി ജോസഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.