വെള്ളൂർ കുടുംബാരോഗ്യ ഉപ കേന്ദ്രം സമർപ്പിച്ചു


മാള: സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ആധുനിക ചികിത്സ ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാ ആരോഗ്യകേന്ദ്രങ്ങളും ജനസൗഹൃദമാക്കുകയും മികച്ച ചികിത്സ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വെളളൂർ കുടുംബാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജീവിതശൈലീ രോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാം എങ്ങനെ പ്രതിരോധിക്കാം എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ഒന്നാം ഘട്ടത്തിൽ ജില്ലയിൽ 18 ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. രണ്ടാം ഘട്ടത്തിൽ 48 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 44 ഉം കുടുംബാരോഗ്യ കേന്ദ്രങ്ങളായി. മൂന്നാം ഘട്ടത്തിൽ 15 പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കാൻ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ ഒന്നിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 80 ലക്ഷം രൂപ ഉപയോഗിച്ചാണ് വെള്ളൂരിൽ കുടുംബാരോഗ്യ ഉപകേന്ദ്രം നിർമ്മിച്ചത്. ഉപകേന്ദ്രം യാഥാർത്ഥ്യമായതോടെ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലായുള്ള എണ്ണായിരത്തിലധികം പേർക്ക് പ്രയോജനം ലഭിക്കും. രണ്ട് നിലകളിലായി ഒരു മിനി പി.എച്ച്‌.സിയുടെ സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യാതിഥിയായി. വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൻ, റോമി ബേബി, എ.പി. വിദ്യാധരൻ, ഡോ. ശ്രീദേവി, ഡോ. ടി.വി. ബിനു എന്നിവർ പങ്കെടുത്തു.