1

തൃശൂർ: നാലാം ഓണദിനമായ ചതയദിനത്തിൽ നടക്കുന്ന ജനകീയ ദേശക്കുമ്മാട്ടി മഹോത്സവത്തിൽ കുമ്മാട്ടി കെട്ടാനൊരുങ്ങി സ്ത്രീകളും. കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടി മഹോത്സവത്തിലാണ് പർപ്പടക പുല്ലും മരത്തിൽ കൊത്തിയ മുഖങ്ങളുമായി സ്ത്രീകളും വേഷമിടുന്നത്. കുമ്മാട്ടി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വടക്കുംമുറി കുമ്മാട്ടി കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പത്തിന് ഉച്ചയ്ക്ക് 1.30ന് കിഴക്കുംപാട്ടുകര പനമുക്കുംപ്പിള്ളി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രത്തിൽ 51 കുമ്മാട്ടികളുണ്ടാകും. നാദസ്വരം, തെയ്യം, ദേവനൃത്തം, തിറയാട്ടം, മേളം, നാടൻ കലാരൂപങ്ങൾ, പ്രച്ഛന്ന വേഷങ്ങൾ, ബാൻഡ് മേളങ്ങൾ, ശിങ്കാരി മേളം, തമ്പോലം, നാസിക് ഡോൾ എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

പുരാണകഥയെ ആസ്പദമാക്കിയുള്ള നിശ്ചലദൃശ്യവുമുണ്ടാകും. ഘോഷയാത്ര വൈകിട്ട് 7.30ന് ശാസ്താനഗറിൽ സമാപിക്കും. സെക്രട്ടറി എസ്. സന്തോഷ് കുമാർ,​ പബ്ലിസിറ്റി കൺവീനർ ജി.ബി. കിരൺ, വൈസ് പ്രസിഡന്റ് അജേഷ് അശോകൻ, അനിൽ ആറ്റാശ്ശേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.