അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ യോഗം വിളിച്ചുചേർത്തു

കൊടുങ്ങല്ലൂർ: താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലേക്ക് രോഗികളെ കിടത്തുന്ന വാർഡും, ഐ.സി യൂണിറ്റും, സി.ടി സ്‌കാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും, ഡയാലിസിസ് യൂണിറ്റും മാറ്റുന്ന പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി.

സി.ടി സ്‌കാൻ പ്രവർത്തിപ്പിക്കുന്നതിനും ഐ.സി യൂണിറ്റിനും ഡോക്ടർമാർ നഴ്‌സുമാർ എന്നിവരെ നിയമിക്കുവാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. പുതിയ കെട്ടിടത്തിൽ ലിഫ്റ്റ് നിർമ്മാണം പൂർത്തീകരിക്കുന്നതിന് പൊതുമരാമത്ത് അധികാരികളെയും കരാറുകാരന്റെയും യോഗം വിളിച്ചുചേർക്കാനും തീരുമാനിച്ചു.

നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൽസി പോൾ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ശ്രീദേവി, ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.